Skip to main content
വനിതാ ശിശു വികസന വകുപ്പ് സ്റ്റാളിലെ വൈജ്ഞാനിക കളികളിൽ ഏർപ്പെടുന്ന കുട്ടികൾ

കളിയും കാര്യവുമായി വനിതാ ശിശുവികസന വകുപ്പ് സ്റ്റാൾ

  കളിയുടെയും അറിവിന്റെയും ലോകത്തേക്ക് ഏവരെയും കൂട്ടിക്കൊണ്ടുപോകുകയാണ് എന്റെ കേരളം പ്രദർശന വിപണന മേളയിലെ വനിതാ ശിശു വികസന വകുപ്പ് സ്റ്റാൾ.
ആടാനും പാടാനും വനിതാ ശിശു വികസന വകുപ്പിന്റെ സേവനങ്ങളേപ്പറ്റി അറിവ് നേടാനുമെല്ലാം അവസരമുണ്ട്. കൂടാതെ കുരുന്നുകളെ കാത്തിരിക്കുന്നത് വർണാഭമായ പ്ലേ ഏരിയയും സെൽഫി കോർണറുമാണ്.  വൈജ്ഞാനിക വികസനം ലക്ഷ്യമിട്ടുള്ള കളികളും ഇവിടെ അനവധിയാണ്. ഇനി സ്റ്റാളിലുള്ള പോസ്റ്ററിലൂടെയെല്ലാം വിശദമായി ഒന്നു കണ്ണോടിക്കുക. തത്സമയ ക്വിസിന്റെ  ഉത്തരങ്ങൾ ഇതിലൂടെ കണ്ടെത്തിയാൽ ഏവരെയും കാത്തിരിക്കുന്നത് ആകർഷണീയമായ സമ്മാനങ്ങളാണ്. 
സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യത്തിന് ഊന്നൽ കൊടുത്തുകൊണ്ട് അങ്കണവാടികളുടെ പോഷകാഹാര പ്രദർശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ സൗജന്യ കൗൺസിലിംഗ് സർവീസ് ലഭ്യമാക്കുന്ന പേരന്റിങ് ക്ലിനിക്കാണ് മറ്റൊരു പ്രത്യേകത. തങ്ങൾ നേരിടുന്ന  മാനസികമായ പ്രശ്‌നങ്ങൾക്ക് പരിഹാരമായി പ്രവർത്തിക്കുന്ന ഈ ക്ലിനിക്ക് മുഖേന വിശദമായ കൗൺസിലിങ്ങിനും അവസരമുണ്ട്.
ലൈംഗികാതിക്രമം നേരിടുന്ന സ്ത്രീകളെ സംരക്ഷിക്കുന്ന സഖി സെല്ലിനെപ്പറ്റിയുള്ള അവബോധനവും നൽകുന്നുണ്ട്. നവജാത ശിശുക്കൾക്കും കുട്ടികൾക്കും സ്ത്രീകൾക്കും തങ്ങളുടെ ഉയരവും ഭാരവും അറിയുവാനുള്ള സൗകര്യവും ഇവിടെയുണ്ട്.

date