Skip to main content

വന്യമൃഗ ശല്യം രൂക്ഷമായ ഉന്നതി പ്രദേശങ്ങളിൽ സോളാർ വേലി സ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കണം - ജില്ലാ കളക്ടർ;  ജില്ലാ വികസന സമിതി യോഗം ചേർന്നു

വന്യമൃഗ ശല്യം രൂക്ഷമായ  വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്ത് മച്ചാട്, ശാസ്താംപൂവം ഉന്നതി പ്രദേശങ്ങളിൽ സോളാർ വേലി സ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ വനം വകുപ്പിന് നിർദ്ദേശം നൽകി. തൃശ്ശൂർ ജില്ലാ വികസന സമിതി യോഗത്തിൽ വടക്കാഞ്ചേരി എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളിയുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസിന്റെയും ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ജില്ലാ കലക്ടർ.

ചാവക്കാട് താലൂക്ക് ആശുപത്രിയിലെ നിലവിലുള്ള ഗൈനക്കോളജിസ്റ്റ് ഒഴിവിലേക്ക് ജോലി ക്രമീകരണ വ്യവസ്ഥയിൽ ഒരു ഗൈനക്കോളജിസ്റ്റിനെ ചുമതലപ്പെടുത്തിയതായി ഡി എം ഒ അറിയിച്ചു.

വാഴാനി ടൂറിസത്തിന്റെ ഭാഗമായി വിനോദ സഞ്ചാരികൾക്ക് കൊട്ടവഞ്ചി സൗകര്യം ഒരുക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ച് വരുന്നതായും അതിന്റെ ഭാഗമായി പരിശീലനം നടന്നു വരുന്നതായും ജലസേചന വകുപ്പ്  എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ജൽജീവൻ മിഷൻ പൈപ്പിടലിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ റോഡുകളുടെ നിർമ്മാണപുരോഗതികൾ യോഗത്തിൽ ചർച്ചയായി. വിവിധ വിദ്യാലയങ്ങളിലെ നിർമ്മാണ പ്രവൃത്തികളുടെ പുരോഗതിയും യോഗം ചർച്ച ചെയ്തു.

ഫെബ്രുവരി 22ന് നടത്തിയ യോഗത്തിൽ പരാമർശിക്കപ്പെട്ട വിഷയത്തിന്മേലുള്ള നടപടികൾ യോഗം വിലയിരുത്തി. പ്ലാൻ സ്പേസ് മുഖേന വിവിധ വകുപ്പുകളിൽ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്തി. സംസ്ഥാന സർക്കാരിന്റെ നവകേരള മിഷൻ, ആർദ്രം മിഷൻ, വിദ്യാകിരണം, ലൈഫ് മിഷൻ, മാലിന്യ മുക്ത നവകേരളം എന്നീ പദ്ധതികളുടെ ജില്ലയിലെ പുരോഗതി യോഗം അവലോകനം ചെയ്തു.

ജില്ലയിലെ അതിദാരിദ്ര്യ ലഘൂകരണം പദ്ധതിയുടെ അവലോകനം, എം.എൽ.എമാരുടെ പ്രത്യേക വികസന ഫണ്ട്, ആസ്തി വികസന ഫണ്ട്, എം.പി.ലോക്കൽ ഏരിയ ഡെവലപ്മെന്റ് സ്‌കീം എന്നിവ വിനിയോഗിച്ച് നടപ്പിലാക്കികൊണ്ടിരിക്കുന്ന പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി.

യോഗത്തിൽ എൻ.കെ അക്ബർ എം.എൽ.എ, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, യു. ആർ പ്രദീപ് എം.എൽ.എ,  ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, എം.പിമാരുടെ പ്രതിനിധികൾ, സബ് കളക്ടർ അഖിൽ വി മേനോൻ, ജില്ലാ പ്ലാനിങ് ഓഫീസർ ടി.ആർ മായ, വകുപ്പുതല മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
 

date