തൃശൂർ പൂരം എക്സിബിഷന് കൃഷിവകുപ്പിന്റെ സ്റ്റാൾ സജ്ജമായി ; മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു
തൃശ്ശൂർ പൂരത്തോട് അനുബന്ധിച്ച് തേക്കിൻകാട് മൈതാനത്ത് നടക്കുന്ന എക്സിബിഷൻ 2025ൽ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഫാം ഇൻഫർമേഷൻ ബ്യൂറോ തയ്യാറാക്കിയ സ്റ്റാൾ റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്തു.
ദ്വിതീയ കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകുന്നതും ഡിജിറ്റൽ അഗ്രികൾച്ചർ മേഖലയിലെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് അനുഭവഭേദ്യമാകുന്ന തരത്തിലാണ് സ്റ്റാൾ സജ്ജീകരിച്ചിരിക്കുന്നത്. കൃഷി വകുപ്പിന്റെ സ്വന്തം ബ്രാൻഡായ കേരളഗ്രോ ഉൽപ്പന്നങ്ങളുടെ പ്രദർശനവും മില്ലറ്റ് ഉൽപ്പന്നങ്ങളുടെ പ്രദർശനവും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. കൃഷി വകുപ്പ് നടപ്പിലാക്കുന്ന വിവിധ ഫ്ലാഗ്ഷിപ്പ് പദ്ധതികളും കതിർ ആപ്പ് സംബന്ധിച്ച വിവരങ്ങളും സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്.
തൃശ്ശൂർ ജില്ലയിലെ കേരളഗ്രോ ബ്രാൻഡിലുള്ള 28 ഉത്പന്നങ്ങളും മില്ലറ്റ്‌സും മില്ലറ്റിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങളായ ന്യൂട്രീമിലെറ്റ്സ്, മില്ലറ്റ് പുട്ടുപൊടി, മുരിങ്ങ മില്ലറ്റ് പുട്ടുപൊടി, മുളപ്പിച്ച റാഗി പൊടി, റാഗി റവ, വിവിധതരം പുട്ട് പൊടികൾ, ചക്കപ്പൊടി, ഏത്തക്കാപ്പൊടി അതിരപ്പിള്ളി ട്രൈബൽ വാലി പ്രൊജക്ടിന്റെ ഭാഗമായി ആദിവാസി കർഷകരിൽ നിന്നും നേരിട്ട് സംഭരിച്ച് മൂല്യ വർധിത ഉൽപന്നങ്ങൾ ആക്കിയ കോഫി, കുരുമുളക്, കുരുമുളക് പൊടി, ഏലം ബ്ലാക്ക് ഡാമർ, മഞ്ഞൾ, മഞ്ഞക്കൂവ,ഈസ്റ്റ് ഇന്ത്യൻ ആരോറൂട്ട് സ്റ്റാർച്ച്, കാട്ടിഞ്ചി, കാട്ട് തേൻ, ചെറു തേൻ, കാട്ട് കുടംപുളി എന്നിവയും ജില്ലയിലെ വിവിധ ഫാമുകളിൽ നിന്നുള്ള ഗ്രാഫ്റ്റ് ചെയ്തതും ലെയർ ചെയ്തതും ബഡ് ചെയ്തതുമായുള്ള ഫലവൃക്ഷതൈകളും പച്ചക്കറി തൈകളും പച്ചക്കറിവിത്തുകളും വാഴ വിത്തുകളും ജൈവ ജീവാണു വളങ്ങളും സ്റ്റാളിൽ നിന്നും ലഭിക്കുന്നതാണ്.
സിന്ദൂരം, നീലൻ, ചന്ദ്രക്കാരൻ, അൽഫോൺസ, മൂവാണ്ടൻ, മല്ലിക, ഹിമാപസന്ത് തുടങ്ങിയ മാവിനങ്ങളും തേൻവരിക്ക, തായ്‌ലൻഡ് ഇനത്തിലെ പ്ലാവിനങ്ങളും നാരകം, ചെറി, ചാമ്പ, ക്രിസ്മസ് ട്രീ, ആത്ത, കുരുമുളക്, അലങ്കാര ചെടികൾ എന്നിവയും വിപണനത്തിനായി ഒരുക്കിയിട്ടുണ്ട്.
കൃഷിയെ കുറിച്ച് കൂടുതൽ അറിയുന്നതിനായി കൃഷി, ക്ഷീരവികസന, മൃഗസംരക്ഷണ, മത്സ്യകൃഷിയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങൾ സൗജന്യമായി സ്റ്റാളിൽ ലഭ്യമാണ്. മലയാളത്തിലെ ആദ്യ കൃഷി മാസികയായ കേരള കർഷകൻ വരിക്കാരാകുന്നതിനുള്ള സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. ചടങ്ങിൽ ജില്ലാ കൃഷി ഓഫീസർ ഇൻ ചാർജ് നിംബ ഫ്രാങ്കോ, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ മുഹമ്മദ് ഹാരിസ്, മേരി വിജയ, അസിസ്റ്റന്റ് ഡയറക്ടർ സുജിത്ത് പി ജി, എഫ് ഐ ബി അസിസ്റ്റന്റ് ഡയറക്ടർ പ്രശാന്ത് ജി എസ്, കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. എല്ലാ ദിവസവും രാവിലെ പത്ത് മുതൽ വൈകിട്ട് എട്ട് വരെ ആയിരിക്കും സ്റ്റാളിന്റെ പ്രവർത്തനം.
- Log in to post comments