തൊഴിൽ പൂരം അഭംഗുരമായി തുടരും മന്ത്രി കെ. രാജൻ ; *ജില്ലയിൽ ഈ വർഷം 50, 000 പേർക്ക് തൊഴിൽ നൽകുക ലക്ഷ്യം: ഡോ. ടി എം തോമസ് ഐസക്*
തൊഴിൽ പൂരത്തിന്റെ കൊടിയേറ്റമായിരുന്നു ഇന്നലെ നടന്നതെന്നും തൊഴിൽ പൂരം അഭംഗുരമായി തുടരാനുള്ള പ്രവർത്തനങ്ങളിലേക്കാണ് പോകുന്നതെന്നും റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തൃശ്ശൂർ ജില്ലയിൽ ഈ വർഷം 50,000 പേർക്ക് തൊഴിൽ നൽകാൻ ലക്ഷ്യമിടുന്നതായി വിജ്ഞാന കേരളം അഡ്വൈസർ ഡോ. ടി എം തോമസ് ഐസക്കും അറിയിച്ചു. രാമനിലയത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.
തൃശൂർ തൊഴിൽ പൂരത്തിൽ ഇതുവരെ 1246 പേർക്ക് തൊഴിൽ ഓഫർ ലഭിച്ചു. ഇതിൽ 613 തൊഴിലന്വേഷകർക്ക് ഓൺലൈൻ അഭിമുഖങ്ങളായും 633 തൊഴിലന്വേഷകർക്ക് ഇന്നലെ നടന്ന തൊഴിൽ മേളയിലുമാണ് ജോലി ലഭിച്ചത്. തൊഴിൽ മേളയിൽ 4,330 തൊഴിലന്വേഷകർ പങ്കെടുത്തതിൽ 1246 പേർക്ക് ഓഫർ ലെറ്റർ ലഭിച്ചതിനു പുറമെ, 2,636 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മേളയിൽ പങ്കെടുത്ത ഉദ്യോഗാർഥികളിൽ തൊഴിൽ ലഭിക്കാത്തവരെയും, ഷോർട്ട് ലിസ്റ്റ് ചെയ്‌തവരെയും ഉൾപ്പെടുത്തിക്കൊണ്ട് മെയ് 18 മുതൽ 24 വരെ തൃശൂർ കോർപ്പറേഷൻ്റെ തൊഴിൽ പൂരത്തിൽ പ്രത്യേക അഭിമുഖങ്ങൾ ഒരുക്കുന്നുണ്ട്. മേളയിൽ പങ്കെടുത്തില്ലെങ്കിലും ജോലിക്ക് രജിസ്റ്റർ ചെയ്ത എല്ലാവർക്കും ഈ തൊഴിൽ മേളയിൽ പങ്കെടുക്കാവുന്നതാണെന്ന് ഡോ. ടി എം തോമസ് ഐസക് പറഞ്ഞു.
മുനിസിപ്പൽ കോർപ്പറേഷൻ്റെ തൊഴിൽപൂരത്തിൻ്റെ അവസാന ദിവസം മെയ് 24 ന് ഗൾഫിലേക്ക് ഇലക്ട്രിഷ്യൻ, പ്ലംബർ, വെൽഡർ, മെയ്‌സൺ തുടങ്ങിയ കൺസ്ട്രക്ഷൻ ജോലികൾക്കും, അക്കൗണ്ടന്റുമാർ തുടങ്ങിയവർക്കും വേണ്ടി റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നുണ്ട്. ഇത് സംബന്ധിച്ചു നോർക്കയും ഓഡെപെക് (ODEPC)മായി ചർച്ചകൾ നടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അടുത്ത രണ്ടാഴ്ച ജില്ലയിലെ മുഴുവൻ പ്രാദേശിക സംരംഭകരുമായി ബന്ധപ്പെട്ട പ്രാദേശിക തൊഴിലുകൾ സമാഹരിക്കുന്നതിനു ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ടീമുകൾക്ക് രൂപം നൽകും. ഇതിനു സമാന്തരമായി ഇത്തരം പ്രാദേശിക ജോലികളിൽ തൊഴിലെടുക്കാൻ സന്നദ്ധരായവരെ, പ്രത്യേകിച്ച് വീട്ടമ്മമാരായ സ്ത്രീകളെ കണ്ടെത്തുന്നതിന് ജനപ്രതിനിധികളുടെയും കുടുംബശ്രീയുടെയും ഡി ആർ പി മാരുടെയും നേതൃത്വത്തിൽ സ്ക‌്വഡുകൾ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രവർത്തിക്കുമെന്നും ഡോ. തോമസ് ഐസക് പറഞ്ഞു.
മെയ് മൂന്നാം വാരത്തിൽ പ്രാദേശിക ജോലികൾക്ക് വേണ്ടിയുള്ള ചെറുമേളകൾ അതത് പ്രദേശത്തു തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കും. മേളകളിൽ പങ്കെടുത്തുകൊണ്ടോ അല്ലാതെയോ സംരംഭകർക്ക് തങ്ങൾക്കാവശ്യമുള്ള ജോലിക്കാരെ പ്രാദേശികമായി ജോലി ചെയ്യുന്നതിന് സന്നദ്ധരായവരുടെ ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കാം. അവർക്കാവശ്യമായ നൈപുണ്യ പരിശീലനം തൊഴിൽ ദാതാക്കളുമായി ചർച്ച നടത്തി ജൂൺ മാസത്തിൽ ലഭ്യമാക്കുമെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു.
അങ്ങനെ മെയ് മാസത്തെ തൃശൂർ തൊഴിൽപൂരത്തിനു തിരശ്ശീല വീഴുമ്പോൾ ചുരുങ്ങിയത് 20,000 പേർക്കെങ്കിലും ജോലി നൽകുന്നതിനുള്ള ദൗത്യം പൂർത്തിയാക്കാനാവും എന്ന് ഉറപ്പാണെന്ന് ഡോ. ടി എം തോമസ് ഐസക് അറിയിച്ചു .
വാർത്താ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ് പ്രിൻസ്, വിജ്ഞാന കേരളം കൺസൾട്ടന്റ് ഡോ. പി സരിൻ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments