Skip to main content

മുരിയാടിന് ഇനി സ്വന്തം ഗ്രാമവണ്ടി...

 

 

പൊതുഗതാഗത രംഗം ജനകീയ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ മുരിയാട് ഗ്രാമപഞ്ചായത്ത് മൂന്നാം നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഗ്രാമവണ്ടി മേയ് മൂന്നിന് രാവിലെ ഒമ്പതിന് ആനന്ദപുരം എടയാറ്റുമുറിയിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഫ്ലാഗ് ഓഫ് ചെയ്യും. മുകുന്ദപുരം താലൂക്കിലെ ആദ്യത്തേതും തൃശ്ശൂർ ജില്ലയിലെ രണ്ടാമത്തേതുമായാണ് മുരിയാട് ഗ്രാമപഞ്ചായത്ത് ഗ്രാമവണ്ടി എന്ന ആശയം നടപ്പിലാക്കുന്നത്. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് മുരിയാട് ഗ്രാമപഞ്ചായത്തിന് വേണ്ടി സർവ്വീസ് ആരംഭിക്കുന്നത്.

 

പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങൾക്ക് സൗകര്യം ലഭിക്കുന്ന തരത്തിൽ ഇരിങ്ങാലക്കുട മുതൽ നെല്ലായി വരെയാണ് ഗ്രാമവണ്ടി സൗകര്യം ഒരുക്കിയിരിക്കുന്നത്. കെ എസ് ആർ ടി സിയുടെ ബസ് അലോക്കേഷനും റൂട്ടും അംഗീകരിക്കപ്പെട്ടു കഴിഞ്ഞു.

 

 ഗ്രാമവണ്ടി എന്ന ആശയം നടപ്പിലാക്കുന്നതോടെ മുരിയാട് ഗ്രാമപഞ്ചായത്തിൽ പൊതുഗതാഗത സൗകര്യം എത്തിപ്പെടാത്ത ബഹുഭൂരിപക്ഷം മേഖലകളിലെയും ആളുകൾക്ക് പട്ടണത്തിലേക്കും വിവിധ സ്ഥാപനങ്ങളിലേക്കും എത്തിപ്പെടാൻ വലിയ അനുഗ്രഹമായിരിക്കും കരഗതമാകുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

date