സെറ്റാകാം ബ്രോ ജീവിതത്തോട് സംരക്ഷിതരാവേണ്ടത് സ്വയം ഉത്തരവാദിത്തം
ലഹരി പിടിമുറുക്കിയ സമൂഹത്തില്‍ നല്ല ലക്ഷ്യങ്ങള്‍ ഉള്‍ക്കൊണ്ട് സംരക്ഷിതരാവേണ്ടത് സ്വയം ഉത്തരവാദിത്തമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സജ്‌ന സജീവന്‍. എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ എക്സൈസും ആരോഗ്യ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സെറ്റാകാം ബ്രോ ജീവിതത്തോട് ലഹരി വിരുദ്ധ ബോധവത്കരണ സംവാദ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. സമൂഹത്തിന് മാതൃകയാവുന്നതും ഓരോരുത്തര്‍ക്കും താത്പര്യമുള്ള നല്ല കാര്യങ്ങളില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ലഹരി ആസക്തി മറി കടക്കാമെന്നും അവര്‍ അഭിപ്രായപെട്ടു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം ഷാജന്‍ ജോസ് സംവാദ പരിപാടിയില്‍ മോഡറേറ്ററായി. സമൂഹത്തിലെ വിപത്തായി ലഹരിയെ കണക്കാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. പനമരം ഗവ നഴ്‌സിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ ബോധവത്കരണ ആശയവുമായി നൃത്ത പരിപാടിയും അവതരിപ്പിച്ചു. നോണ്‍ കമ്മ്യൂണിക്കബിള്‍ ഡിസീസസ് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ കെ.ആര്‍ ദീപ, കല്‍പ്പറ്റ ജനറല്‍ ആശുപത്രി സൈക്യാട്രി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ കെ ആര്‍ ഹരീഷ് കൃഷ്ണന്‍, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മാസ് മീഡിയ ഓഫീസര്‍ കെ എം മുസ്തഫ, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് എക്‌സൈസ് ടി ഷറഫുദ്ധീന്‍, മാതൃഭൂമി ബ്യുറോ ചീഫ് നീനു മോഹന്‍, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എ ജെ ഷാജി, വനിതാ ചേംമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ബിന്ദു മില്‍ട്ടണ്‍ എന്നിവര്‍ പാനലിന് നേതൃത്വം നല്‍കി.
- Log in to post comments