Skip to main content

വേണ്ടത് ആധുനിക ശ്മശാനങ്ങൾ : മന്ത്രി എം ബി രാജേഷ്

കടമക്കുടിയിൽ പൊതുശ്മശാനം തുറന്നു

അന്തസായി ജീവിക്കാനുള്ള അവകാശം പോലെതന്നെ പ്രധാനമാണ് അന്തസായി ശവസംസ്കാരത്തിനുള്ള അവകാശവുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. അതിനാൽ ആധുനിക ശ്മശാനങ്ങൾ കൂടുതൽ ആയി  ഉണ്ടാകണം. കടമക്കുടിയിൽ നവീകരിച്ച പൊതുശ്മശാനം (ഗ്യാസ് ക്രിമറ്റോറിയം)  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

ശ്മശാനത്തെ എതിർപ്പ് കൂടാതെ സ്വാഗതം ചെയ്ത കടമക്കുടിക്കാർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. മാലിന്യ മുക്ത നവകേരളത്തിൻ്റെ പ്രവർത്തനങ്ങളിൽ ആധുനിക ശ്മശാനങ്ങൾക്കു ഏറെ പ്രാമുഖ്യമുണ്ട്. മാലിന്യമില്ലാത്ത ദഹിപ്പിക്കലിനു ശ്മശാനങ്ങൾ വഴിയൊരുക്കുന്നു. കടമക്കുടി ശ്മശാനം നിർമ്മിക്കുന്നതിന് എംഎൽഎയും ത്രിതല പഞ്ചായത്തുകളും യോജിച്ചു നടത്തിയ പ്രവർത്തനം ജനസേവനത്തിൻ്റെ ഉദാത്ത മാതൃകയാണെന്നും മന്ത്രി രാജേഷ് പറഞ്ഞു.

1.17 കോടി രൂപ ചെലവിലാണ് കടമക്കുടിയിലെ ആദ്യ പൊതുശ്മശാനത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഇതിൽ എംഎൽഎ, ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെയും വിഹിതവും ഉൾപ്പെടുന്നു. ഗ്യാസ് ക്രിമിറ്റോറിയമാണെന്നത് പൊതുശ്മശാനത്തിൻ്റെ പ്രത്യേകതയാണ്.

ചടങ്ങിൽ കെ എൻ ഉണ്ണിക്കൃഷണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എംപി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനീയർ ഐശ്വര്യ ബി സിംഗ് റിപ്പോർട്ട് അവതരിപ്പിച്ചു. 

ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൽസി ജോർജ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സരിത സനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേരി വിൻസെൻ്റ്, വൈസ് പ്രസിഡൻ്റ് കെ പി വിപിൻ രാജ്, പഞ്ചായത്ത് സെക്രട്ടറി നവീൻ രാജൻ, പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, കടമക്കുടി നിവാസികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date