ജില്ലയില്‍ ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍, മെഗാ ഡ്രൈവ് ജൂണ്‍ 14 മുതല്‍
കണ്ണൂര്‍ ജില്ലയില്‍ ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍ നല്കാന് ലക്ഷ്യമിട്ട് വിജ്ഞാന കണ്ണൂര്‍ തൊഴില്‍ ഡ്രൈവ് ജൂണ്‍ 14 ന് ആരംഭിക്കുമെന്ന് വിജ്ഞാന കേരളം സംസ്ഥാന അഡൈ്വസര്‍ ഡോ. തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന മെഗാതൊഴില്‍ മേളയില്‍ 100 കമ്പനികള്‍ പങ്കെടുക്കും. ഇതിലൂടെ 50000 തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും വിജ്ഞാനകണ്ണൂര്‍ തൊഴില്‍ ഡ്രൈവര്‍ വിജയിപ്പിക്കുന്നതിനായി രജിസ്ട്രേഷന് പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷനായി ജില്ലാ കൗണ്‍സില്‍ രൂപീകരിച്ചുവെന്നും ഡോ.തോമസ് ഐസക് പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളിലെ എല്ലാ വാര്‍ഡുകളിലും സന്നദ്ധപ്രവര്‍ത്തകര്‍ മെയ് 23 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ ഗൃഹസന്ദര്‍ശനം നടത്തി ഉദ്യോഗാര്‍ഥികളുടെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ സഹായം നല്‍കും. കൂടാതെ എല്ലാ ലൈബ്രറികളിലും സര്‍ക്കാര്‍ ഓഫീസുകളിലും ലഭ്യമായ ക്യൂ ആര് കോഡ് സ്കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ജോബ് മേളയില്‍ പങ്കെടുക്കാന്‍ കഴിയില്ല. മെയ് 31 മുതല്‍ സന്നദ്ധപ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളെ ബന്ധപ്പെട്ട് വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ച് തൊഴിലവസരങ്ങള്‍ പരിചയപ്പെടുത്തും. താല്പര്യമുള്ളവര് ഡിജിറ്റല്‍ വര്‍ക്ക് മാനേജ്മെന്റ് സിസ്റ്റം പ്ലാറ്റ്ഫോമില്‍ അപേക്ഷിക്കണം.
അസാപ്പിന്റെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാനുള്ള പരിശീലനം നല്‍കും. ജൂണ്‍ ഏഴു മുതല്‍ കണ്ണൂര്‍ കൃഷ്ണമേനോന് മെമ്മോറിയല്‍ വനിതാ കോളേജില്‍ വിഷയാധിഷ്ഠിത പരിശീലനം നല്‍കും.മെഗാ തൊഴില്‍ മേളയോടൊപ്പം പ്രാദേശിക ജോലികള്‍ക്ക് വേണ്ടിയുള്ള ചെറു മേളകളും തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കും. ഇത്തരത്തില്‍ പതിനായിരം തൊഴിലവസരങ്ങള്‍ കണ്ടെത്താനാണ് വിജ്ഞാനകേരളം ജില്ലാ മിഷന് ലക്ഷ്യമിടുന്നത്.
ഇതിനു പുറമെ എല്ലാ ശനിയാഴ്ചകളിലും തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ നടത്തും. എല്ലാ കോളേജുകളിലും 50 കമ്പ്യൂട്ടര്‍ വീതമുള്ള ലാബുകള്‍ സജ്ജമാക്കുന്നത് സംബന്ധിച്ച് കിഫ്ബിയുടെ യോഗം അടുത്തമാസം ചേരും. രണ്ടുമാസം നീളുന്ന വിജ്ഞാന കണ്ണൂര്‍ തൊഴില്‍ ഡ്രൈവ് ജൂലൈ അവസാനം നടക്കുന്ന മെഗാ ഗള്‍ഫ് റിക്രൂട്ട്മെന്റോടുകൂടിയാണ് അവസാനിക്കുക. ഗള്‍ഫിലേക്കുള്ള ഇരുപതിനായിരം തൊഴില്‍ അവസരങ്ങളാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. ഇതിലേക്കുള്ള അപേക്ഷകള്‍ പിന്നീട് സ്വീകരിക്കും.
ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം മെയ് 21, 22 തീയതികളില്‍ പഞ്ചായത്ത്,നഗരസഭ അടിസ്ഥാനത്തില്‍ നടക്കും. ജോബ് സ്റ്റേഷന് പ്രവര്‍ത്തകര്‍, കെ.പി.ആര്, ഡി.പി.ആര് എന്നിവര്‍ക്ക് മെയ് 16 ന് ജില്ലാപഞ്ചായത്ത് ഹാളില്‍ പരിശീലനം നല്‍കും.
കെ. വി. സുമേഷ് എം എല്‍. എ, ഹാന്‍വീവ് ചെയര്മാന് ടി. കെ. ഗോവിന്ദന് മാസ്റ്റര്‍, വിജ്ഞാന കേരളം ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത്ത് എന്നിവര്‍ പങ്കെടുത്തു
- Log in to post comments