വന്യജീവി-മനുഷ്യ സംഘർഷത്തിന് പരിഹാരമായി വിദ്യാർഥികളുടെ എ ഐ മാതൃക
എന്റെ കേരളം പ്രദർശന വിപണന മേളയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിൽ വർധിച്ചുവരുന്ന വന്യജീവി -മനുഷ്യ സംഘർഷത്തിന് പരിഹാരമായി എഐ സങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്രോജക്ട് മോഡൽ അവതരിപ്പിച്ച് വിദ്യാർത്ഥികൾ. കതിരൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളായ മുഹമ്മദ് സാദ് ,പി.കെ പാർഥിവ് , ഡി.എസ് അശ്വിൻ എന്നിവരാണ് എ ഐ പവേർഡ് വൈൽഡ് ലൈഫ് സെക്യൂരിറ്റി സിസ്റ്റം എന്ന ശാസ്ത്ര മാതൃക അവതരിപ്പിച്ചത്. വനാതിർത്തികളിലുള്ള വഴികളിലേക്കോ ജനവാസ കേന്ദ്രങ്ങളിലേക്കോ പ്രവേശിക്കുന്ന വന്യജീവികളെ എ ഐ നിരീക്ഷണ സംവിധാനം ഉപയോഗിച്ച് തിരിച്ചറിയാനും ആളുകൾക്ക് മുന്നറിയിപ്പ് നൽകാനും ഇതിലൂടെ സാധിക്കും. മൃഗങ്ങൾ പാതയിലേക്ക് പ്രവേശിച്ചാൽ ചെക്പോസ്റ്റുകൾ അടച്ച് വഴിയാത്രക്കാരെ സുരക്ഷിതമാക്കാനും മൃഗങ്ങളെ തിരിച്ചറിഞ്ഞ് അവയുടെ വലുപ്പത്തിനാനുപാതികമായി ഇലക്ട്രിക് ഫെൻസിങ്ങിലേക്ക് വൈദ്യുതി പ്രവാഹം ക്രമീകരിച്ച് മനുഷ്യരുടേയും മൃഗങ്ങളുടേയും ജീവൻ സംരക്ഷിക്കാനും ഈ സംവിധാനം വഴി കഴിയും. കഴിഞ്ഞ അഞ്ച് വർഷമായി സ്കൂൾ അടൽ ടിങ്കറിംങ്ങ് ലാബിൽ വെച്ച് ലഭിച്ച പരിശീലനം ഈ പ്രൊജക്ട് ചെയ്യുവാൻ കുട്ടികൾക്ക് സഹായകരമായി. സ്കൂൾ എടിഎൽ മെന്ററായി പ്രവർത്തിക്കുന്ന പ്രജോഷ് മാസ്റ്റർ കുട്ടികൾക്ക് ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകി ഒപ്പമുണ്ട്.
- Log in to post comments