Skip to main content

ഇവിടെ താരം കെയ്റയും റൂബിയും

#എന്റെ കേരളം മേളയിലെത്തുന്നവരുടെ ഹൃദയം കവര്‍ന്ന് ശ്വാന സുന്ദരികൾ​#

കനകക്കുന്നിലെ എന്റെ കേരളം മെഗാമേളയിലെത്തുന്നവരുടെ ഹൃദയം കവര്‍ന്ന് ജയിൽ വകുപ്പിലെ ശ്വാന സുന്ദരികൾ. കെയ്റയും, റൂബിയും സ്റ്റാളിലേക്ക് എത്തിയതോടെ കുട്ടികളുൾപ്പെടെയുള്ള സന്ദർശകർ ആവേശഭരിതമായി.

ജയിൽവകുപ്പിന്റെ കെ 9 നാർക്കോർട്ടിക് ഡോഗ് സ്ക്വാഡിലെ നാല് വയസ്സുള്ള ലാബ്രഡോർ ഇനത്തിൽപ്പെട്ട സ്‌നിഫർ നായകളാണ് കെയ്റയും റൂബിയും. ചെറിയ രീതിയിൽ കുറുമ്പികളാണെങ്കിലും പരിശീലകരായ സന്തോഷ്, സുജിത് എന്നിവരുടെ നിർദേശങ്ങൾക്കനുസരിച്ച് വിവിധ അഭ്യാസ പ്രകടനങ്ങൾ ചെയ്യുന്ന മിടുക്കരാണ് ഇരുവരും.

ജയിലിനുള്ളിലെ ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനാണ് സ്നിഫർ നായകളെ ഉപയോഗിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കൃത്യമായി പൊലീസ് നായ ലഹരി വസ്തു കണ്ടെത്തി അതിലേക്ക് എത്തിച്ചേരുന്നതിന്റെ ദൃശ്യാവിഷ്‌കാരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

മൂന്ന് മാസം പ്രായമുള്ളപ്പോള്‍ മുതല്‍ തുടങ്ങുന്ന പരിശീലനം ഒന്‍പത് മാസം കൊണ്ടാണ് പൂര്‍ത്തിയാക്കുന്നത്. കേരള പോലീസ് ട്രെയിനിങ് അക്കാഡമിയിൽ നിന്ന് മികച്ച സ്നിഫർ ഡോഗിനുള്ള ഗോൾഡ് മെഡൽ 2020ൽ കെയ്റ കരസ്ഥമാക്കിയിട്ടുണ്ട്. മേള അവസാനിക്കുന്ന മെയ് 23 വരെ എല്ലാ ദിവസവും വൈകുന്നേരം ആറ് മണി മുതൽ എട്ട് വരെ ഡോഗ് ഷോ ഉണ്ടായിരിക്കും.

date