തൃശ്ശൂരിന്റെ ജൈവവൈവിധ്യത്തെ തൊട്ടറിഞ്ഞ് കൂട്ടയോട്ടം നടത്തി ജില്ലാ കളക്ടറും സംഘവും
തൃശ്ശൂരിന്റെ തനത് ജൈവവൈവിധ്യത്തെ തൊട്ടറിഞ്ഞ് ലോക പരിസ്ഥിതി ദിനത്തില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടം നടത്തി. തൃശ്ശൂര്‍ ജില്ലാ ഭരണകൂടവും ഏന്‍ഡൂറന്‍സ് അത്ലറ്റ്സ് ഓഫ് തൃശൂര്‍ റണ്ണിംഗ് ക്ലബ്ബും ചേര്‍ന്നാണ് പുഴക്കല്‍ കോള്‍ പാടം ബണ്ട് റോഡിലൂടെ കൂട്ടയോട്ടം സംഘടിപ്പിച്ചത്. തൃശ്ശൂര്‍ പുഴക്കല്‍ ശോഭാ സിറ്റി പരിസരത്തു നിന്നും രാവിലെ 6.15 ന് ആരംഭിച്ച കൂട്ടയോട്ടം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ട് കൂട്ടയോട്ടത്തില്‍ പങ്കാളിയായി. കുറിഞ്ഞാക്കല്‍ - പുല്ലഴി പാലം വഴി 6 കിലോ മീറ്റര്‍ ദൂരം നടന്ന കൂട്ടയോട്ടത്തില്‍ പങ്കെടുത്ത 50 പേര്‍ക്കും വിവിധയിനം ഫലവൃക്ഷ തൈകള്‍ ഇഎടി ക്ലബ് വിതരണം ചെയ്തു.
പരിസ്ഥിതി ദിനാചരണത്തിനൊപ്പം ജില്ലയിലെ ടൂറിസം സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന 'എക്സ്പ്ലോര്‍ തൃശൂര്‍' ന്റെ ഭാഗമായികൂടിയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.
സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്ന ജൈവവൈവിധ്യ സമ്പന്നമായ തൃശ്ശൂരിന്റെ കോള്‍പാടങ്ങള്‍ക്ക് പാരിസ്ഥിതിക പ്രാധാന്യം ഏറെയാണ്. വ്യത്യസ്തമായ ആവാസ വ്യവസ്ഥയില്‍ പരിസ്ഥിതിയെ അടുത്തറിഞ്ഞ് കോള്‍ ബണ്ട് റോഡുകളിലൂടെയുള്ള യാത്ര മറ്റൊരു അനുഭവതലമാണ് ഓരോരുത്തര്‍ക്കും സമ്മാനിക്കുന്നത്. ഒട്ടനവധി വൈവിധ്യ ജീവജാലങ്ങളും മത്സ്യസമ്പത്തും ദേശാടന പക്ഷികളും ജലപ്പരപ്പിലെ ചെറുസസ്യങ്ങളുടെ പൂക്കളും കാറ്റിന്റെ ഓളപ്പരപ്പുമെല്ലാം കോള്‍ പാടങ്ങളുടെ മാത്രം പ്രത്യേകതയാണ്.
- Log in to post comments