നാല് വർഷമായി വിതരണം ചെയ്തത് 2,23,000 പട്ടയങ്ങൾ : മന്ത്രി കെ. രാജൻ
നാല് വർഷമായി കേരളത്തിൽ 2,23,000ൽ അധികം പട്ടയങ്ങൾ വിതരണം ചെയ്തതായി റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ.
കോന്നി ഏനാദിമംഗലം ചാങ്കൂർ അമ്പലം ജംഗ്ഷനിൽ ഏനാദിമംഗലം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
വകുപ്പിൽ വിപ്ലവകരമായ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ഒമ്പത് വർഷക്കാലയളവിൽ കേരളത്തിൽ നാലു ലക്ഷത്തിലേറെ ഭൂഉടമകളെ സൃഷ്ടിക്കാൻ സർക്കാരിന് കഴിഞ്ഞു.
'എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് ' എന്ന മുഖമുദ്രാവാക്യത്തോടെ റവന്യൂ വകുപ്പ് നടത്തുന്ന പ്രവർത്തനം ശ്രദ്ധേയമാണ്. അതിവേഗവും സുതാര്യവുമായ റവന്യൂ നടപടി ക്രമങ്ങളിലേക്ക് കടക്കാൻ ഉതകുന്ന ഡിജിറ്റൽ റീസർവ്വേയിലൂടെ ചരിത്രത്തിൽ ആദ്യമായി ഒന്നര വർഷത്തിനുള്ളിൽ നാലരലക്ഷം ഹെക്ടറോളം ഭൂമി അളന്നു തിട്ടപ്പെടുത്തി.
ജനങ്ങൾക്ക് ഏറ്റവും സുതാര്യമായി വേഗതയിൽ സേവനങ്ങൾ ലഭ്യമാക്കാൻ ഡിജിറ്റൽ റവന്യൂ കാർഡ് ഒരുക്കുകയാണ് വകുപ്പ്. ഇതുവഴി വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന 14 ഓളം വിവരങ്ങൾ ചിപ്പുകൾ പതിപ്പിച്ച ഒറ്റ കാർഡിൽ പൊതുജനങ്ങൾക്ക് ലഭ്യമാകും.
നിറം മങ്ങിയ വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ ഏറെ ശ്രദ്ധയോടെ വലുപ്പത്തിൽ മനോഹരമായി പുനർ നിർമ്മിക്കുകയാണ്. 600 ഓളം വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആയി. സമഗ്രവും ജനകീയവും ആധുനികവൽക്കരിക്കപ്പെട്ടതുമായ റവന്യൂ സേവനങ്ങളിലേക്ക് കടക്കുന്ന കാലത്ത് വില്ലേജുകൾ സ്മാർട്ട് ആകേണ്ടത് പ്രധാനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു
- Log in to post comments