ഭൂമി പതിച്ച് നൽകാനുള്ള വരുമാനപരിധി ഉയർത്തും - മന്ത്രി കെ രാജൻ
*162 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു
ഭൂമി പതിച്ച് നൽകാനുള്ള വരുമാനപരിധി 2.50 ലക്ഷം രൂപയായി ഉയർത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. അങ്കമാലി സിഎസ്എ ഹാളിൽ നടന്ന ചടങ്ങിൽ ആലുവ, പറവൂർ, കൊച്ചി, കണയന്നൂർ താലൂക്കുകളുടെ സംയുക്ത പട്ടയമേള ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിൽ പട്ടയം നൽകുന്നതിനുള്ള വരുമാനപരിധി ഒരു ലക്ഷം രൂപയാണ്. എന്നാൽ കാലഘട്ടത്തിന്റെ മാറ്റം അനുസരിച്ച് ഇത് രണ്ടര ലക്ഷമായി ഉയർത്തും. സംസ്ഥാനത്തെ മുഴുവൻ ഭൂരഹിതർക്കും ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ 9 വർഷങ്ങളിലായി 4,0,9000 പട്ടയങ്ങൾ വിതരണം ചെയ്തു. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നാലു വർഷങ്ങളിലായി 2,23000 പട്ടയങ്ങൾ വിതരണം ചെയ്തു. ഇത് ചരിത്രത്തിൽ തന്നെ ആദ്യമായാണ്.
ഡിജിറ്റൽ റീ സർവേ പുരോഗമിക്കുകയാണ്.
312 വില്ലേജുകളിൽ പൂർത്തിയാക്കി. റവന്യൂവിന്റെ എല്ലാ സേവനങ്ങളും ഡിജിറ്റൽ ആക്കുകയാണ്. സമ്പൂർണ്ണ റവന്യൂ റെക്കോർഡുകൾ ഒരു സ്ഥലത്ത് കേന്ദ്രീകരിക്കുന്ന റവന്യൂ ഡിജിറ്റൽ കാർഡ് എന്ന ആശയവുമായി മുന്നോട്ടുപോവുകയാണ് സർക്കാർ. ചിപ്പുകൾ ഘടിപ്പിച്ച എടിഎം മാതൃകയിലുള്ള കാർഡ് നിലവിൽ വരുന്നതോടെ ഭൂമി, ഭൂനികുതി, തരം, ഭൂമിയുടെ, തുടങ്ങിയ 14 വിവരങ്ങൾ ഒറ്റ കാർഡിലൂടെ അറിയാൻ കഴിയും. 2025 നവംബറിൽ ഇതിന് തുടക്കമാകും. ഒരു വ്യക്തിയുടെ എല്ലാവിധ സംശയങ്ങളും രേഖകളും ഉൾക്കൊള്ളിച്ചുള്ള ഡിജിലോക്കർ ആണ് സർക്കാർ വിഭാവനം ചെയ്യുന്ന മറ്റൊരു പദ്ധതി. ഇതിലൂടെ സർട്ടിഫിക്കറ്റുകൾക്കുള്ള കാലതാമസം ഒഴിവാക്കാൻ കഴിയും.
ഭൂരഹിതർ ഇല്ലാത്ത കേരളം എന്ന ലക്ഷ്യത്തിനായി പട്ടമിഷൻ രൂപീകരിച്ച് പ്രവർത്തനങ്ങൾ നടപ്പിലാക്കി. രാഷ്ട്രീയകക്ഷി ഭേദമന്യേ എല്ലാവരും ചേർന്ന് നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. എംഎൽഎമാരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തി ജാഗ്രത സമിതി രൂപീകരിച്ച് ഭൂരഹിതരെ കണ്ടെത്തി ലിസ്റ്റ് ചെയ്തു. രണ്ട് പട്ടയ അസംബ്ലികൾ നടത്തി. ജില്ലാതലത്തിൽ പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ പട്ടയ ഡാഷ്ബോർഡിൽ ഉൾപ്പെടുത്തി പരിഹാരം കണ്ടു. വകുപ്പുകൾ തമ്മിലുള്ള പ്രശ്നങ്ങളും ഇതിലൂടെ പരിഹരിക്കുന്നു. ദീർഘകാലങ്ങൾ ആയിട്ടുള്ള പ്രശ്നങ്ങൾ പോലും ഇതിലൂടെ പരിഹരിക്കാൻ കഴിഞ്ഞു. സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ കോ ഓഡിനേഷൻ കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്.
അർഹതപ്പെട്ടവർക്ക് ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യത്തിനുവേണ്ടി ചട്ടങ്ങൾ പോലും ഭേദഗതി ചെയ്ത് ഭൂമി നൽകുകയുണ്ടായി. എന്നാൽ കൈവശവും കുടിയേറ്റവും ഒരുപോലെ കാണുന്ന സമീപനം അല്ല സർക്കാരിന്റേത്. ബോധപൂർവ്വമുള്ള കയ്യേറ്റം കണ്ടെത്തുന്ന മുറയ്ക്ക് ഭൂമി പിടിച്ചെടുത്തു സാധാരണക്കാർക്ക് കൈമാറുന്നതാണ്. എന്നാൽ പേരിൽ ഒരുതുണ്ട് ഭൂമി പോലും ഇല്ലാതെ തല ചായ്ക്കുന്നതിനായി കുടിയേറുന്നവരെ സർക്കാർ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ആലുവ, പറവൂർ, കൊച്ചി, കണയന്നൂർ താലൂക്കുകളിലായി 162 പട്ടയങ്ങളാണ് വിതരണം ചെയ്തത്.
പരിപാടിയിൽ അൻവർ സാദത്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എംപി മുഖ്യാതിഥിയായി. അങ്കമാലി നഗരസഭ ചെയർമാൻ അഡ്വ. ഷിയോ പോൾ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ തങ്കച്ചൻ , ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, അഡിഷണൽ ജില്ലാ രജിസ്ട്രേറ്റ് വിനോദ് രാജ്, ഡെപ്യൂട്ടി കളക്ടർ സുനിത ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments