Skip to main content

ദേശീയ ശുചിത്വ സർവേ: തിളക്കമാർന്ന നേട്ടവുമായി ജില്ലയിലെ നഗരസഭകൾ

*മീഡിയം സിറ്റികളുടെ വിഭാഗത്തിൽ സംസ്ഥാനത്ത് ആലപ്പുഴ നഗരസഭ ഒന്നാമതും ദേശീയ തലത്തിൽ 80-ാം സ്ഥാനത്തും എത്തി

 

ദേശീയ ശുചിത്വ സർവേയായ സ്വഛ് സർവ്വേക്ഷൻ 2024, ഗാർബേജ് ഫ്രീ സിറ്റി സ്റ്റാർ റേറ്റിംഗ്, ഓ.ഡി.എഫ് പ്ലസ് എന്നിവയിൽ തിളക്കമാർന്ന നേട്ടങ്ങളുമായി ആലപ്പുഴ ജില്ലയിലെ നഗരസഭകൾ. സ്വഛ് സർവ്വേക്ഷൻ 2024 ൽ ഏറ്റവും കൂടുതൽ മത്സരം നടന്ന, 50000-300000 ജനസംഖ്യയുള്ള മീഡിയം സിറ്റികളുടെ വിഭാഗത്തിൽ സംസ്ഥാനത്ത് ആലപ്പുഴ നഗരസഭ ഒന്നാമതും, ദേശീയ തലത്തിൽ 80 സ്ഥാനത്തും എത്തി കേരത്തിൻ്റെ അഭിമാനമായി. ഇതാദ്യമായാണ് കേരളത്തിൽ നിന്ന് ഒരു നഗരസഭ ദേശീയ തലത്തിൽ ആദ്യ നൂറിൽ എത്തുന്നത്. കഴിഞ്ഞതവണ ആലപ്പുഴ നഗരസഭ സംസ്ഥാനത്ത് ഒന്നാമത് എത്തിയപ്പോളും, ദേശീയ റാങ്ക് 2000 ന് മുകളിൽ ഏറെ പിന്നിൽ ആയിരുന്നു.

 

ശുചിത്വത്തിന്റെ അടിസ്ഥാനത്തിൽ നഗരസഭകൾക്ക് സ്റ്റാർ പദവി നൽകുന്ന, ഗാർബേജ് ഫ്രീ സിറ്റി സ്റ്റാർ റേറ്റിങ്ങിൽ (ജി.എഫ്.സി) ആലപ്പുഴ നഗരസഭ 3 സ്റ്റാർ പദവി നേടി. സംസ്ഥാനത്തെ നഗരസഭകൾക്ക് ഇത് ആദ്യമായാണ് സ്റ്റാർ പദവി ലഭിക്കുന്നത്. കേരളത്തിലെ നഗരസഭകൾക്ക് ലഭിച്ച ഏറ്റവും ഉയർന്ന സ്റ്റാറായ 3 സ്റ്റാർ പദവിയാണ് ആലപ്പുഴ നഗരസഭയ്ക്ക് ലഭിച്ചത്. കേരളത്തിലാകെ 20 നഗരസഭകൾക്ക് ജി.എഫ്.സി 1 സ്റ്റാർ പദവി ലഭിച്ചതിൽ, ഹരിപ്പാട് നഗരസഭയ്ക്കും 1 സ്റ്റാർ ലഭിച്ചത് ജില്ലയ്ക്ക് ഇരട്ടി മധുരമായി.

 

ശൗചാലയ സൗകര്യങ്ങളുടെയും, സെപ്റ്റിക് മാലിന്യ സംസ്കരണ സംവിധാനങ്ങളുടെയും അടിസ്ഥാനത്തിലുള്ള സ്വഛ് സെർട്ടിഫിക്കേഷനിൽ ചേർത്തല, ആലപ്പുഴ, കായംകുളം നഗരസഭകൾ ഓ.ഡി.എഫ് പ്ലസ് പദവി നേടിയപ്പോൾ, ഹരിപ്പാട്, ചെങ്ങന്നൂർ, മാവേലിക്കര നഗരസഭകൾ ഓ.ഡി.എഫ് അംഗീകാരം നേടി ജില്ലയ്ക്ക് സമ്പൂർണ്ണ ഓ.ഡി.എഫ് എന്ന അഭിമാനാർഹമായ നേട്ടം സംഭാവന ചെയ്തു. 

 

ജില്ലാ ശുചിത്വ മിഷൻ്റെ നേതൃത്വത്തിൽ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ ആണ് സ്വഛ് സർവ്വേക്ഷൻ 2024 ൽ കുതിച്ചുചാട്ടം നടത്താൻ ജില്ലയിലെ നഗരസഭകളെ സഹായിച്ചത്.

 

സ്വഛ് സർവ്വേക്ഷൻ 2023 നെ അപേക്ഷിച്ച് വലിയ കുതിപ്പാണ് നഗരസഭകൾ റാങ്കിലും മാർക്കിലും നേടിയത്. കഴിഞ്ഞ സ്വഛ് സർവ്വേക്ഷനിൽ 2944 മാർക്കോടെ ദേശീയ തലത്തിൽ 2605 മത് സ്ഥാനം മാത്രമുണ്ടായിരുന്ന ആലപ്പുഴ നഗരസഭാ ആയിരക്കണക്കിന് റാങ്കിന്റെ കുതിച്ചുചാട്ടം ഉണ്ടാക്കിയാണ് 9428 മാർക്ക് നേടി ദേശീയതലത്തിൽ 80-ാം സ്ഥാനത്തേക്ക് എത്തിയത്. 3927 മത്തെ റാങ്ക് മാത്രമുണ്ടായിരുന്ന കായംകുളം നഗരസഭ 382 മത്തെ റാങ്കിലേക്കും, 2675 മത്തെ റാങ്ക് ഉണ്ടായിരുന്ന ചേർത്തല നഗരസഭ 429 മത്തെ റാങ്കിലേക്കും എത്തി.

date