പ്രവാസികള്‍ക്കായി അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും സംഘടിപ്പിച്ചു
ജില്ലയില്‍ 150ലധികം പുതിയ രജിസ്‌ട്രേഷന്‍
കേരള പ്രവാസി കേരളീയ ക്ഷേമബോര്‍ഡ് പ്രവാസികള്‍ക്കായി അംഗത്വ ക്യാമ്പയിനും അംശദായ കുടിശ്ശിക നിവാരണവും സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍150ലധികം പേര്‍ പുതുതായി രജിസ്‌ട്രേഷനെടുക്കുകയും അംശദായത്തില്‍ കുടിശ്ശിക വരുത്തിയ90പ്രവാസികള്‍ പിഴ ആനുകൂല്യം ഉപയോഗപ്പെടുത്തി അംഗത്വം വീണ്ടെടുക്കുകയും ചെയ്തു. രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് 10 ദിവസത്തിനകം അംഗത്വം നല്‍കും.
ലോകത്തെവിടെനിന്നും ക്ഷേമനിധി അംഗത്വം എടുത്ത് അംശദായം അടക്കാനും ആനുകൂല്യങ്ങള്‍ കൈപ്പറ്റാനും സാധിക്കും. മുടങ്ങാതെ അംശദായം അടക്കുന്നവര്‍ക്ക് 3000 മുതല്‍ 7000 രൂപ വരെ പെന്‍ഷന്‍ ലഭിക്കും. അംഗത്വമെടുത്ത് അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ച, കൃത്യമായി അംശദായം അടച്ച് അംഗത്വത്തില്‍ തുടരുന്നവര്‍ മരണപ്പെട്ടാല്‍ അര്‍ഹരായ കുടുംബാംഗത്തിന് പെന്‍ഷന്‍ ലഭിക്കും. മരണാനന്തര ധനസഹായം, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, വിദ്യാഭ്യാസ ആനുകൂല്യം, ശാരീരിക അവശത മൂലം പ്രയാസപ്പെടുന്നവര്‍ക്ക് അവശത പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങളും പദ്ധതിയിലൂടെ നല്‍കുന്നുണ്ട്.
പരിപാടി സംസ്ഥാന പ്രവാസിക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ ഗഫൂര്‍ പി ലില്ലിസ് ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ എന്‍ കെ കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗം വില്‍സണ്‍ ജോര്‍ജ്,സംസ്ഥാനപ്രവാസി ക്ഷേമനിധി ബോര്‍ഡ് ഫിനാന്‍സ് മാനേജര്‍ ടി ജയകുമാര്‍, ജില്ലാ പ്രവാസി പ്രശ്‌ന പരിഹാര കമ്മിറ്റി അംഗം സി വി ഇക്ബാല്‍, പ്രവാസി ക്ഷേമ ബോര്‍ഡ് ഡിഇഒ എസ് നവാസ്, വിവിധ പ്രവാസി സംഘടന ഭാരവാഹികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ക്യാമ്പയിനില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് കോഴിക്കോട് ലിങ്ക് റോഡില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി ക്ഷേമ ബോര്‍ഡ് റീജിയണല്‍ ഓഫീസില്‍നിന്ന് ഈ അനുകൂല്യം ഒരു മാസം വരെ ഉപയോഗപ്പെടുത്താമെന്ന് ഡിഇഒ അറിയിച്ചു.
- Log in to post comments