സംസ്ഥാന കർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു
#അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 23.07.2025#
# പുതുതായി ആറ് അവാർഡുകൾ കൂടി ഉൾപ്പെടുത്തി#
കാർഷികോല്പാദന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കർഷകർക്ക് സംസ്ഥാന സർക്കാർ നൽകി വരുന്ന സംസ്ഥാന കർഷക അവാർഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഭിന്നശേഷി വിഭാഗത്തിൽപെട്ട കർഷകൻ/കർഷക (50000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്), കാർഷിക മേഖലയിലെ മികച്ച സ്റ്റാർട്ടപ്പ് (ഫലകം, സർട്ടിഫിക്കറ്റ്), അതാത് വർഷങ്ങളിൽ കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതികൾ മികവോടെ നടപ്പിലാക്കുന്ന കൃഷി ഭവന് നൽകുന്ന അവാർഡ് (1 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്), വകുപ്പിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച കൃഷി ജോയിന്റ് ഡയറക്ടർ (ഫലകം, സർട്ടിഫിക്കറ്റ്), കൃഷി ഡെപ്യൂട്ടി ഡയറക്ടർ (ഫലകം, സർട്ടിഫിക്കറ്റ്), എഞ്ചിനീയർ-കൃഷി (ഫലകം, സർട്ടിഫിക്കറ്റ്) എന്നിവയാണ് പുതുതായി ഏർപ്പെടുത്തിയ അവാർഡുകൾ. ഈ 6 പുതിയ അവാർഡുകൾക്കൊപ്പം കഴിഞ്ഞ വർഷം നൽകിയ 40 വിഭാഗങ്ങളിലെ അവാർഡുകൾ ഉൾപ്പെടെ 46 വിഭാഗങ്ങളിലേക്കാണ് അപേക്ഷ/നാമനിർദ്ദേശം ക്ഷണിച്ചിരിക്കുന്നത്.
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുഖേന നൽകുന്ന അവാർഡുകളിലേക്ക് കർഷകർക്ക് അവരുടെ അപേക്ഷകൾ അതാത് കൃഷിഭവനുകളിൽ സമർപ്പിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം, കൃഷി ഭൂമിയുടെ രേഖകളും നടപ്പിലാക്കിയ കാർഷിക പ്രവർത്തനങ്ങളുടെ വിശദാംശങ്ങളും സഹിതമാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
അപേക്ഷയും കൂടുതൽ വിവരങ്ങളും കൃഷി വകുപ്പ് വെബ്സൈറ്റായ www.keralaagriculture.gov.in -ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതാത് കൃഷി ഭവനുകളിൽ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 23.07.2025 ആയിരിക്കും.
- Log in to post comments