Skip to main content

അറിയിപ്പുകൾ

ഗതാഗതം നിരോധിച്ചു

കൂളിമാട് വയല്‍ ഭാഗത്ത് റോഡ് മണ്ണിട്ട് ഉയര്‍ത്തുന്നതിനാല്‍ ജൂലൈ 22 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ കൂളിമാട് മുതല്‍ പുല്‍പറമ്പ്മുക്ക് വരെ വലിയ വാഹനങ്ങളുടെയും ഭാരം കയറ്റിയ വാഹനങ്ങളുടെയും ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ കൂളിമാട്-ചുള്ളിക്കാപ്പറമ്പ്-കൊടിയത്തൂര്‍ പുല്‍പ്പറമ്പ്മുക്ക് വഴിയും തിരിച്ചും പോകണം.

റാങ്ക് പട്ടികകള്‍ റദ്ദാക്കി

കോഴിക്കോട് ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍: 662/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2025 മെയ് എട്ടിന് പ്രാബല്യത്തില്‍ വന്ന റാങ്ക് പട്ടികയുടെ മുഖ്യ പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഉദ്യോഗാര്‍ഥിക്ക് നിയമന ശിപാര്‍ശ നല്‍കിയതിനാല്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍: 613/2021) തസ്തികയുടെ റാങ്ക് പട്ടികയുടെ കാലാവധി 2025 ഏപ്രില്‍ 15ന് പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.

 

കര്‍ഷകഭാരതി അവാര്‍ഡിന് അപേക്ഷിക്കാം

സംസ്ഥാന കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് 2024ല്‍ കാര്‍ഷിക മേഖലയിലെ വിവിധ രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്ക് പുരസ്‌കാരം നല്‍കുന്നതിന്റെ ഭാഗമായി മാധ്യമരംഗത്തെ മികവിനുള്ള കര്‍ഷക ഭാരതി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 
മലയാള ഭാഷയിലെ മികച്ച ഫാം ജേണലിസ്റ്റിനാണ് അവാര്‍ഡ് നല്‍കുക. അതത് വ്യക്തികളുടെ നാമനിര്‍ദേശം മാത്രമേ പരിഗണിക്കൂ. ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ പരിഗണിക്കില്ല. അച്ചടി മാധ്യമം, ദൃശ്യമാധ്യമം, നവമാധ്യമം, ശ്രവ്യ മാധ്യമം എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുക.

ജൂലൈ 19 മുതല്‍ പിറകോട്ട് ഒരു വര്‍ഷത്തെ സംഭാവനകളാണ് പരിഗണിക്കുക. വിശദവിവരങ്ങള്‍ www.keralaagriculture.gov.in ല്‍ ലഭിക്കും. അപേക്ഷ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍, തിരുവനന്തപുരം-3 എന്ന വിലാസത്തില്‍ ജൂലൈ 28 വരെ അയക്കാം. നോമിനേഷനുകള്‍ അയക്കുന്ന കവറിന് പുറത്ത് 'കര്‍ഷക ഭാരതി അവാര്‍ഡ് 2024' എന്നും ഏത് വിഭാഗമെന്നും പ്രത്യേകം രേഖപ്പെടുത്തണം.

 

സമ്പൂര്‍ണ ചെസ് ഗ്രാമമാകാനൊരുങ്ങി കടലുണ്ടി; പ്രഖ്യാപനം 26ന്

കടലുണ്ടി ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ ചെസ് ഗ്രാമമാക്കാന്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ പ്രത്യേക പദ്ധതി. കോവിഡാനന്തരം കുട്ടികളില്‍ കാണുന്ന അലസത, അശ്രദ്ധ എന്നിവ മറികടക്കുകയും ലഹരിവിരുദ്ധ പ്രതിരോധ പ്രചാരണ പ്രവര്‍ത്തനകള്‍ക്ക് ശക്തി പകരുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പ്രഖ്യാപനം ജൂലൈ 26ന് ഓഷ്യനസ് ചാലിയം ടൂറിസ്റ്റ് ബീച്ചില്‍ മഹാ ചെസ് ടൂര്‍ണമെന്റോടെ മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. രണ്ടുപേരടങ്ങുന്ന 50 ടീമുകളുടെ മത്സരമാണ് ഇതോടനുബന്ധിച്ച് നടക്കുക. 

പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങള്‍, ചെസ് പരിശീലനം ലഭിച്ച കളിക്കാര്‍, വായനശാലകള്‍, ക്ലബുകള്‍, റസിഡന്റ്‌സ് കൂട്ടായ്മകള്‍, സാമൂഹിക സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലാണ് സമ്പൂര്‍ണ ചെസ് ഗ്രാമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുക. ജില്ലാ പൊലീസ്, എക്‌സൈസ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയവയും പങ്കാളികളാകും.

date