Skip to main content

നവീകരിച്ച ടി വി സെന്റർ ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്കാര വിതരണവും അനുമോദനയോഗവും സംഘടിപ്പിച്ചു

പുത്തൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ വിദ്യാഭ്യാസ പുരസ്കാര വിതരണവും അനുമോദനയോഗവും നവീകരിച്ച പൊന്നൂക്കര ടി. വി. സെന്റർ ഉദ്ഘാടനവും റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ നിർവ്വഹിച്ചു. പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണ‌ൻ അദ്ധ്യക്ഷത വഹിച്ചു.

കൂടിച്ചേരലിന് ഇടങ്ങൾ കുറഞ്ഞുവരുന്ന സമയത്ത് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ കുടിച്ചേരലുകൾക്കും സാംസ്കാരിക പ്രവർത്തനങ്ങൾക്കും കുട്ടികൾക്കും മുതിർന്നവർക്കും ഒരുമിച്ചിരുന്ന് ചിന്തിക്കാനും ടി വി കാണാനും താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പി എസ് സി അടക്കുമുള്ള മത്സര പരീക്ഷകൾക്കുള്ള പരിശീലനം നൽകാനും സൗകര്യമുള്ള ഇത്തരമൊരു ഇടം ഒരുക്കുന്നതേറ പ്രാധാന്യമർഹിക്കുന്നുവെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പുത്തൂർ സൂവോളജിക്കൽ പാർക്കിന്റെ പ്രവർത്തനങ്ങളുടെ വിവിധ ഘട്ടങ്ങളിൽ നടക്കില്ലെന്ന് നാട്ടുകാർ പോലും വിചാരിച്ച കാര്യങ്ങൾ ഇന്ന് യാഥാർത്ഥ്യമായി കാണുന്നതിന്റെ സന്തോഷവും അതുമായി ബന്ധപ്പെട്ട അനുഭവങ്ങളും മന്ത്രി പങ്കുവച്ചു. നമ്മുടെ നാട് മുഴുവൻ വികസിപ്പിക്കപ്പെടുമ്പോൾ അതിന്റെ ഫലം അനുഭവിക്കാനുള്ള  അവസരം കൂടെ നമുക്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ഗ്രാമപഞ്ചായത്തിന്റെ പ്ലാൻ ഫണ്ട് 15 ലക്ഷം രൂപ ചെലവഴിച്ചാണ് സാംസ്കാരികകേന്ദ്രമായ ടി. വി. സെന്റർ നവീകരിച്ചത്. 2024-25 അധ്യയനവർഷത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മെമെൻ്റോ നൽകി ആദരിച്ചു.

പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. എസ് ബാബു, ടി വി സെന്റർ ഭരണസമിതി പ്രസിഡന്റ് വാസുദേവൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് മായ തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. എസ്. സജിത്ത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം. എൻ. രാജേഷ്, ടി വി സെന്റർ ഭരണസമിതി സെക്രട്ടറി വിജീഷ്, കാർഷിക കാർഷികേതര സൊസൈറ്റി പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

date