Skip to main content

കമ്മാന്തറ അങ്കണവാടി നാടിന് സമര്‍പ്പിച്ചു

 

വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കമ്മാന്തറ അങ്കണവാടി നാടിന് സമര്‍പ്പിച്ചു. പി.പി. സുമോദ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ലിസി സുരേഷ് അധ്യക്ഷയായി. 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16 ലക്ഷം രൂപ വിനിയോഗിച്ചാണ് അങ്കണവാടി കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. കളിസ്ഥലം,അടുക്കള,ഹാള്‍,സിറ്റൗട്ട്, സ്റ്റോര്‍ റൂം, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം ഒരുക്കിയിട്ടുള്ളത്. നിലവില്‍ 11 കുട്ടികളാണ് കമ്മാന്തറ അങ്കണവാടിയില്‍ പഠിക്കുന്നത്.

2007 മുതല്‍ കമ്മാന്തര അങ്കണവാടി വാടക കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പുതിയ അങ്കണവാടി കെട്ടിടം വന്നതോടെ സ്വന്തമായി അങ്കണവാടി കെട്ടിടമെന്ന നാട്ടുകാരുടെ ആവശ്യമാണ് യാഥാര്‍ത്യമായിരിക്കുന്നത്.

പരിപാടിയില്‍ അങ്കണവാടി നിര്‍മാണത്തിനായി സ്ഥലം വിട്ടുനല്‍കിയ വി.വി.ഗുരുവായൂരപ്പനെ എം.എല്‍.എ ആദരിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ.കെ.പി ശ്രീകല, രശ്മി ഷാജി, വാര്‍ഡ് അംഗം സുമിത ഷെഹീര്‍,സി.ഡി.പി.ഒ ശിശിര, ഐ.സി ഡി.എസ് സൂപ്പര്‍വൈസര്‍ സുമ എന്നിവര്‍ പങ്കെടുത്തു

date