Skip to main content

*ചോലപ്പുറം സംസ്ഥാനത്തെ മികച്ച മുളന്തുരുത്ത്*

മുളകൾ ഉപയോഗിച്ച് പ്രകൃതി സംരക്ഷണത്തിന്റെ ചെറുമാതൃകകള്‍ സൃഷ്ടിച്ച് ഹരിതകേരള മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും തൊഴിലുറപ്പ് പദ്ധതിയുടെയും സഹകരണത്തോടെ നടപ്പാക്കുന്ന ചോലപ്പുറം മുളന്തുരുത്തിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം. ജില്ലയിലെ വെങ്ങപ്പള്ളി പഞ്ചായത്തിലാണ് ചോലപ്പുറം എന്ന പേരിൽ മുളകൾ കൊണ്ട് പച്ചതുരുത്ത് സൃഷ്ടി ച്ചത്. ഉപയോഗിക്കാതെ കിടക്കുന്ന പൊതുസ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയ സസ്യങ്ങളും ഉള്‍പ്പെടുത്തി വനമാതൃകകള്‍ സൃഷ്ടിച്ച് സംരക്ഷിക്കുകയാണ് ഇവിടെ.  2019 നവംബര്‍ 11 നാണ് മുളന്തുരുത്ത് നടപ്പിലാക്കിയത്. 774 ഇനം മരങ്ങളും 47 ഇനം ചെടികളും 354 മുളകളും ചോലപ്പുറം മുളന്തുരുത്തിന്റെ ആകര്‍ഷണമാണ്. എം എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പച്ചത്തുരുത്തിലെ സസ്യങ്ങള്‍ക്ക് ശാസ്ത്രീയ നാമം, ഫാമിലി പ്രാദേശിക പേരുകള്‍ എന്നിവ നൽകി. 

എടവക ഗ്രാമപഞ്ചായത്തിലെ   നല്ലൂർനാട് അംബേദ്കർ ക്യാൻസർ സെന്റർ അങ്കണത്തിനോട് ചേർന്ന് തൈതാൽ പച്ചത്തുരുത്തിന് സംസ്ഥാനത്ത് മൂന്നാം സ്ഥാനം. തൊഴിലുറപ്പ് സംവിധാനത്തിന്റെ സംഭാവനയാണ് ക്യാൻസർ സെന്ററിനോട് ചേർന്ന ഈ പച്ചതുരുത്ത്.
 2019ൽ തുടക്കം കുറിച്ച പച്ചത്തുരുത്ത് പദ്ധതി ഫലവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ, തുടങ്ങി നൂറിൽപ്പരം വൃക്ഷലാതാദികളോട് കൂടി ഒരു സ്വാഭാവിക വനമായി മാറി. ഒരേക്കറോളം വരുന്ന തരിശായ ഭൂമിയിലാണ് ഭരണ സമിതിയുടെ
 നിർദ്ദേശപ്രകാരം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി തട്ട് തിരിച്ച്, വനവൽക്കരണ പദ്ധതിക്ക് തുടക്കം കുറിച്ചത് . 1,84367 രൂപ ചിലവഴിച്ച് 578 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചാണ് ഇത് യാഥാർഥ്യമാക്കിയത്. മണിമരുത്, നീർമരുത്, പേര, നെല്ലി, ഇല്ലി, മുള, ഓറഞ്ച്, മഹാഗണി, നാരകം, ദന്തപ്പാല, രാമച്ചം മുതലായവ വളർന്നു പന്തലിച്ച് പക്ഷിമൃഗാദികൾക്കും  പൂമ്പാറ്റകൾക്കും ഇണങ്ങിയ ആവാസ വ്യവസ്ഥയാണ് ഇവിടം.

തൊണ്ടര്‍നാട് കോറോം ശാന്തീവനമാണ് തദ്ദേശ സ്ഥാപന തലത്തിൽ സംസ്ഥാനത്തെ അഞ്ചാം സ്ഥാനം നേടിയ പച്ചത്തുരുത്ത്. നാരങ്ങച്ചാൽ മലനിരകളിലെ തെരുവകുന്നുകളിലെ രണ്ട് ഏക്കർ സ്ഥലമാണ് 2019 മുതൽ പച്ചത്തുരുത്തിനായി  തെരഞ്ഞെടുത്തത്. 1500 ഓളം വ്യത്യസ്ത ഇനം മരങ്ങളും ചെടികളും ഇവിടെ പരിപാലിച്ചു പോരുന്നു. 

തിരുവനന്തപുരം ടാഗോർ തീയറ്ററിൽ നടന്ന പച്ചത്തുരുത്ത് സമ്മാനദാനം  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.  മന്ത്രിമാരായ എം ബി രാജേഷ്,  കെ എൻ ബാലഗോപാൽ, വി ശിവൻകുട്ടി, ജി ആർ അനിൽ എന്നിവർ പങ്കെടുത്തു.

 

date