Skip to main content

സ്ത്രീ ക്ലിനിക്കുകള്‍ ജില്ലയില്‍ സജീവം ആരോഗ്യമുള്ള സ്ത്രീകള്‍ ശക്തമായ സമൂഹം  എന്നതാണ് ലക്ഷ്യം

ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്ക് പ്രത്യേക ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കി കാസര്‍കോട് ജില്ലയില്‍ സ്ത്രീ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. . സ്ത്രീ യുടെ ആരോഗ്യപരമായ ശാക്തീകരണത്തിലൂടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യം ഉറപ്പാക്കാം എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ കുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പയിനിന് കാസര്‍കോട് ജില്ലയില്‍ മികച്ച പ്രതികരണം. സ്ത്രീ ക്ലിനിക്കുകള്‍ ജില്ലയില്‍ 39 കുടുംബാരോഗ്യ കേന്ദ്രങ്ങളിലും 247 ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും നടന്നു. സ്‌പെഷ്യലിറ്റി ക്യാമ്പുകള്‍  ആറു ബ്ലോക്ക്  കുടുംബാരോഗ്യ കേന്ദ്രങ്ങളിലും മൂന്ന് നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഒന്‍പതു നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും  സംഘടിപ്പിച്ചു.

ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന പ്രത്യേക സ്ത്രീ ക്ലിനിക്കുകളില്‍ എല്ലാ ചൊവ്വാഴ്ചയും രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് ഒന്ന് വരെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ നടത്തുന്നു. സ്ത്രീകളിലെ വിളര്‍ച്ച ,പ്രമേഹം, രക്ത സമ്മര്‍ദ്ദം, സ്തനാര്‍ബുദം, വായിലെയും ഗര്‍ഭാശയ ഗളത്തിലെയും അര്‍ബുദം, കുട്ടികളിലെ പോഷകാഹാരക്കുറവ്, അരിവാള്‍ രോഗ നിര്‍ണയം എന്നിവയ്ക്കായി 10തരം പരിശോധനകള്‍ നടത്തും. പ്രത്യേക സ്ത്രീ ക്ലിനിക്കുകളും അയല്‍ക്കൂട്ട സ്‌ക്രീനിംഗ് ക്യാമ്പുകളും റഫറന്‍സ് സംവിധാനത്തോടുകൂടിയ തുടര്‍ചി കിത്സയും നല്‍കും. പൊതു ശാരീരിക പരിശോധനകളും ടിബി സ്‌ക്രീനിംഗ്, ഉയരം, ഭാരം, അമിതവണ്ണം, രക്ത സമ്മര്‍ദ്ദം, ഹീമോഗ്ലോബിന്‍, ജി.ആര്‍.ബി.എസ് എന്നിവയ്ക്കുള്ള പരിശോധനകളും ലഭ്യമാണ്. അയണ്‍, കാല്‍സ്യം ഗുളികകള്‍ ഉള്‍പ്പെടെ 36 തരം മരുന്നുകളും കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെയ്പുകളും നല്‍കും. ഗര്‍ഭകാല പരിചരണത്തോടൊപ്പം ,മുലയൂട്ടല്‍,അമിത രക്ത സ്രാവം, ആര്‍ത്തവ പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള പരിചരണവും ലഭിക്കും.സെപ്റ്റംബര്‍ 16ന് ആരംഭിച്ച ക്യാമ്പയിന്‍ ഒക്ടോബര്‍ എട്ട് വരെ തുടരും. അയല്‍ക്കൂട്ട സ്‌ക്രീനിംഗ് ക്യാമ്പുകളും റഫറന്‍സ് സംവിധാനത്തോടുകൂടിയ തുടര്‍ ചികിത്സയും ക്യാമ്പയിന്റെ ഭാഗമായി നല്‍കും.

അയല്‍ക്കൂട്ട സ്‌ക്രീനിംഗ് ക്യാമ്പുകള്‍ വഴി 2026 മാര്‍ച്ച് എട്ടിന് വനിതാദിനത്തിനകം സംസ്ഥാനത്തെ എല്ലാ സ്ത്രീകളുടെയും കുട്ടികളുടെയും പരിശോധന പൂര്‍ത്തിയാക്കും. ഈ കാലയളവില്‍ ആരോഗ്യ കേന്ദ്രങ്ങളിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, നേഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ സ്ത്രീകളുടെയും കുട്ടികളുടെയും രോഗനിര്‍ണയത്തിനുള്ള അയല്‍ക്കൂട്ട സ്‌ക്രീനിംഗ് ഉണ്ടാകും.

പരിശോധനയ്ക്ക് ശേഷം തുടര്‍ പരിശോധനയോ ചികിത്സയോ ആവശ്യമെങ്കില്‍ കുടുംബാരോഗ്യകേന്ദ്രങ്ങള്‍, ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രങ്ങള്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ വഴി വിദഗ്ധ മെഡിക്കല്‍ സേവനങ്ങള്‍ നല്‍കും. ഇതിനായി ആഴ്ച്ചയില്‍ ഒരിക്കല്‍ ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ഡെന്റല്‍, ഫിസിയാട്രി എന്നീ വിഭാഗത്തിലുള്ള ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കും. ആശ വര്‍കര്‍മാരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് ആരോഗ്യ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
 

date