ആരോഗ്യം ആനന്ദം - വൈബ് 4 വെൽനെസ്സ്’ ക്യാമ്പയിൻ പ്രീ ലോഞ്ചിങ്
ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ *ആരോഗ്യം ആനന്ദം - വൈബ് 4 വെൽനെസ്സ്’ ക്യാമ്പയിൻ* പ്രീ ലോഞ്ചിങ് സംഘടിപ്പിച്ചു. ജില്ലാ ആരോഗ്യവകുപ്പ്, ആരോഗ്യ കേരളം, ആയുഷ് ഹോമിയോ വകുപ്പുകൾ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. തേക്കിൻ കാട് മൈതാനത്ത് നടന്ന ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ നിർവഹിച്ചു. കോവിഡ് എന്ന മഹാമാരിയുടെ സമയത്ത് ഓക്സിജൻ പോലും പൊതുജനങ്ങൾക്ക് കൊടുക്കാൻ കഴിയാതെ അമേരിക്ക പോലൊരു വികസിത രാജ്യം ഭയന്ന് നിന്നപ്പോൾ പൊതുജനാരോഗ്യ സൗകര്യങ്ങൾ താഴെ തട്ടിലേക്ക് വ്യാപിപ്പിച്ചതാണ് കേരളത്തിൽ കോവിഡിനെ നിയന്ത്രിക്കാൻ സഹായിച്ചതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.
തൃശൂർ മുൻസിപ്പൽ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മുഖ്യാതിഥിയായി.
ആരോഗ്യം ആനന്ദം -വൈബ് ഫോർ വെൽനെസ്സ് ക്യാമ്പയിനിൽ സുസ്ഥിതി (വെൽനെസ്സ്) ക്കു ഊന്നൽ നൽകിക്കൊണ്ട് ആരോഗ്യകരമായ ഭക്ഷണം, പ്രായാനുസൃത വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നീ നാല് പ്രധാന ഘടകങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്.
ക്യാമ്പയിനിന്റെ ഭാഗമായി കാസർഗോഡ് മുതൽ തിരുവനനന്തപുരം വരെ സംഘടിപ്പിച്ചിട്ടുള്ള റോഡ് ഷോ ജില്ലയിലെത്തി. വിവിധ ജില്ലകൾ കടന്ന് തൃശൂർ ജില്ലയിൽ എത്തിച്ചേർന്ന ബസ് അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഫ്ലാഗ് ഓഫ് ചെയ്തു.
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ടി.പി. ശ്രീദേവി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി. സജീവ് കുമാർ സ്വാഗതവും ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സുജാ അലോഷ്യസ് നന്ദിയും പറഞ്ഞു.
ഡിവിഷൻ കൗൺസിലർ പൂർണിമ സുരേഷ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആയുഷ്) ഡോ. എസ് ബീന കുമാരി, ആയുഷ് ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആര്യ സോമൻ എന്നിവർ സംസാരിച്ചു.
പ്രീ ലോഞ്ചിങ് പരിപാടിയുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർ നടത്തിയ മെഗാ തിരുവാതിര, ശിങ്കാരിമേളം, കരകാട്ടം, പുലിക്കളി, യോഗ പ്രദർശനം, യോഗ ഡാൻസ്, ചായ കഥകൾ, ശാന്തിപുരം ബസാർ ബോധവൽക്കരണ ലഘുനാടകം, വിവിധ ആരോഗ്യ പരിശോധനകൾ, പോഷക മേശ, ഡയറ്റ് മാർഗ്ഗനിർദേശങ്ങൾ, ആരോഗ്യ സന്ദേശ കളികൾ, വിവിധ ബോധവത്കരണ കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു.
- Log in to post comments