സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം: ഭവന സന്ദർശന പരിപാടി സമയബന്ധിതമായി പൂർത്തിയാക്കണം - ജില്ലാ കളക്ടർ
നവകേരളം സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭവന സന്ദർശന പരിപാടി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു.
സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാമിൻ്റെ ഭാഗമായി കളക്ട്രേറ്റിൽ വിളിച്ചു ചേർത്ത ജില്ലാ തല നിർവാഹകസമിതി അംഗങ്ങളുടെയും മണ്ഡല തല ചാർജ് ഓഫീസർമാരുടെയും സമിതി അംഗങ്ങളുടെയും യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർമ്മ സമിതി അംഗങ്ങളുടെ പരിശീലന പരിപാടി 15 നകം പൂർത്തിയാക്കണമെന്നും പഞ്ചായത്ത് തല സമിതി അംഗങ്ങൾ സജീവമായി പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും പുതിയ കരുത്തും ദിശാബോധവും നൽകാൻ ജനങ്ങളുടെ അഭിപ്രായങ്ങൾ ആരായാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം നവകേരള നിർമ്മാണത്തിന് നിർണായക പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം സംസ്ഥാന സമിതി അംഗവും ആലപ്പുഴ ജില്ലയുടെ ചാർജുള്ള അംഗവുമായ ടി പി സുധാകരൻ, ജില്ലാതല നിർവാഹക സമിതി കൺവീനറും ജില്ലാ ഇൻഫർമേഷൻ ഓഫീസറുമായ കെ എസ് സുമേഷ്, ജില്ലാതല നിർവാഹക സമിതി അംഗങ്ങളായ ഡെപ്യൂട്ടി കളക്ടർ പ്രീത സ്കറിയ, കെ എസ് രാജേഷ്, ഇ രാജായി, പി ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments