*ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ ലഭ്യമാക്കാൻ സ്ക്രീനിങ് ക്യാമ്പ്*
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സാമൂഹ്യനീതി വകുപ്പ്, സാമൂഹ്യസുരക്ഷ മിഷൻ, എഫ്.എ.സി.ടി കമ്പനിയുടെ സി.എസ്.ആർ ഇനിഷ്യേറ്റീവ് പ്രോഗ്രാം എന്നിവയുടെ സഹകരണത്തോടെ ശാരീരിക പരിമിതി മറികടക്കുന്നതിനായി അലിംകോ അധിപ് പദ്ധതി മുഖേനെ ഭിന്നശേഷിക്കാർക്ക് വിവിധ സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് സ്ക്രീനിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു.
ജനുവരി 13ന് കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂൾ, ജനുവരി 14ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാൾ, ജനുവരി 16ന് സുൽത്താൻ ബത്തേരി നഗരസഭ കമ്മ്യൂണിറ്റി ഹാൾ, ജനുവരി 17ന് മാനന്തവാടി ഗവ.യു.പി സ്കൂൾ എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ സ്ക്രീനിങ് ക്യാമ്പ് നടക്കും. ചലന വൈകല്യം, സെറിബ്രൽ പാൾസി, ശ്രവണ വൈകല്യം എന്നിവയുള്ള ഭിന്നശേഷിക്കാർക്കായാണ് അസസ്മെൻ്റ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ചലന വൈകല്യമുള്ളവർക്ക് മാനുവൽ ട്രൈസൈക്കിൾ (അഡൽട്ട്), വീൽ ചെയർ (അഡൽട്ട്), എൽബോ ക്രച്ചസ് (അഡൽട്ട്), ആക്സിലറി ക്രച്ചസ് ( സ്മോൾ/ മീഡിയം/ലാർജ്), വാക്കിങ് സ്റ്റിക്ക് (അഡ്ജസ്റ്റബിൾ), റോളേറ്റർ (അഡൽറ്റ്) എന്നീ ഉപകരണങ്ങളും സെറിബ്രൽ പാൾസി ബാധിച്ച 14 വയസ് വരെയുള്ള കുട്ടികൾക്ക് സെറിബ്രൽ പാൾസി ചെയർ, വീൽചെയർ (ചൈൽഡ്) എന്നീ ഉപകരണങ്ങളും കേൾവി വൈകല്യം ഉള്ളവർക്ക് ബി.ടി.ഇ ശ്രവണസഹായിയുമാണ് നൽകുന്നത്. ഹിയറിങ് എയ്‌ഡിനു വേണ്ടിയുള്ള കേൾവി പരിശോധനയും ക്യാമ്പിൽ നടക്കും.
ശ്രവണസഹായി ഗുണഭോക്താക്കൾക്ക് നിലവിലെ വർഷത്തെ ഒറിജിനൽ ഓഡിയോഗ്രാം റിപ്പോർട്ട് ആവശ്യമാണ്. ഈ റിപ്പോർട്ട് ഇല്ലാത്തവർക്ക് ക്യാമ്പിൽ റിപ്പോർട്ട് തയ്യാറാക്കി നൽകും. കഴിഞ്ഞ മൂന്ന് വർഷമായി അധിപ് പദ്ധതി മുഖേനെ ഉപകരണങ്ങൾ ലഭിക്കാത്ത ഗുണഭോക്താക്കൾ 04936 205307 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.
ക്യാമ്പിൽ പങ്കെടുക്കുന്നവർ 40 ശതമാനത്തിന് മുകളിൽ ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുകൾ, ബിപിഎൽ റേഷൻ കാർഡ്, യു.ഡി.ഐ.ഡി കാർഡ്, ആധാർ കാർഡ് എന്നിവയുടെ അസലും പകർപ്പും പാസ്സ്പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം. എ.പി.എൽ റേഷൻ കാർഡ് ഉടമകൾ വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് (2,80,000 വരുമാന പരിധി) ഹാജരാക്കണം.
- Log in to post comments