അഷ്ടമുടിയിൽ ആവേശം വിതറി പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി ജലരാജാക്കന്മാരായി നിരണം ചുണ്ടൻ
അഷ്ടമുടി കായലിന്റെ ഓളങ്ങളിൽ വിജയം തുഴഞ്ഞുനേടി നിരണം ചുണ്ടൻ.
ദേശിംഗനാടിനെ ആവേശത്തിലാഴ്ത്തി പതിനൊന്നാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവും ചാമ്പ്യൻസ് ബോട്ട് ലീഗ് അഞ്ചാം സീസൺ ഫൈനലും അഷ്ടമുടി കായലിൽ അരങ്ങേറി. ആയിരക്കണക്കിനു കാണികളെ സാക്ഷിയാക്കി പ്രസിഡന്റ്‌സ് ട്രോഫി സ്വന്തമാക്കി നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ. സിബിഎല്‍ കിരീടം കരസ്ഥമാക്കി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന്‍.
11 മത്സരങ്ങളില്‍ നിന്നായി 108 പോയിന്റുകള്‍ കരസ്ഥമാക്കിയാണ് വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന്‍ സിബിഎൽ ചാമ്പ്യന്മാരായത്. 92 പോയിന്റുമായി മേൽപ്പാടൻ ചുണ്ടൻ സി.ബി.എല്‍ മത്സരങ്ങളില്‍ രണ്ടാം സ്ഥാനവും 86 പോയിന്റുകളുമായി നിരണം ചുണ്ടൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഫൈനല്‍ മത്സരത്തില്‍ ലക്ഷ്യസ്ഥാനത്തെത്തി നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന്‍ പ്രസിഡന്റ്‌സ് ട്രോഫി ഉറപ്പിച്ചപ്പോള്‍ വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ രണ്ടാം സ്ഥാനവും പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടൻ മൂന്നാം സ്ഥാനവും നേടി.
സിബിഎൽ ജേതാക്കൾക്ക് 25 ലക്ഷം രൂപ ലഭിച്ചു. രണ്ടാം സ്ഥാനത്തിന് 15 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയും ലഭിച്ചു. സിബിഎൽ മത്സരത്തിന്റെ കൊല്ലം ജേതാക്കൾക്ക് 5 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്നുലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും ലഭിച്ചു.
മത്സരങ്ങളുടെ ഭാഗമായി വനിതകളുടെ മൂന്ന് വള്ളങ്ങള്‍ അടക്കം എട്ട് ചെറുവള്ളങ്ങളുടെ മത്സരവും നടന്നു. അതിൽ ഇരുട്ടുകുത്തി ബി വിഭാഗത്തില്‍ ജലറാണി, ഇരുട്ടുകുത്തി എ വിഭാഗത്തില്‍ പി.ജി കർണൻ, വനിതകളുടെ മത്സരത്തില്‍ ചെല്ലിക്കാടൻ തുടങ്ങിയവർ ജേതാക്കളായി.
മൃഗസംരക്ഷണ, ക്ഷീരവികസനവകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി ജലോത്സവം ഉദ്ഘാടനം ചെയ്തു.
മറ്റ് ജില്ലകളിൽ ജലോത്സവം നടന്നുവരുന്ന പ്രദേശങ്ങളേക്കാൾ വിസ്തൃതിയുള്ളതും നേർരേഖയിൽ ട്രാക്ക് സ്ഥിതി ചെയ്യുന്നതും അഷ്ടമുടിക്കായലിനെ മത്സരം നടത്താൻ അനുയോജ്യമാക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളിൽ ജലോത്സവത്തിൽ കൂടുതൽ ടീമുകളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞത് സംഘാടകരുടെ മികവാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മേയര്‍ എ കെ ഹഫീസ് പതാക ഉയര്‍ത്തി മത്സരങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. എം.മുകേഷ് എം.എല്‍.എ അധ്യക്ഷനായി.എൻ.കെ പ്രേമചന്ദ്രൻ എം പി മാസ്സ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്തു.
ടൂറിസം അഡീഷണൽ ഡയറക്ടര്‍ ജനറൽ ശ്രീധന്യ സുരേഷ് ചാമ്പ്യൻസ് ബോട്ട് ലീഗ് റിപ്പോർട്ട് അവതരണം നടത്തി.
എം. നൗഷാദ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി, ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, ഡെപ്യൂട്ടി മേയർ കരുമാലിൽ ഡോ.ഉദയ സുകുമാരൻ, എ. ഡി. എം. ജി. നിർമൽകുമാർ, സി ബി എൽ ചീഫ് കോർഡിനേറ്റർ ആർ കെ കുറുപ്പ്, ഡി ടി പി സി സെക്രട്ടറി ജ്യോതിഷ് കേശവൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments