Skip to main content

സംസ്ഥാന ബജറ്റ്; കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ 305 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അനുമതി

സംസ്ഥാന ബജറ്റിൽ കൊടുങ്ങല്ലൂരിന് മികച്ച നേട്ടം. മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 305 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക്  സംസ്ഥാന ബജറ്റിൽ അനുമതി നൽകി.

മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനം, കുടിവെള്ളം, ജലസേചനം, ഗതാഗതം, ടൂറിസം, സാംസ്കാരിക–കായിക മേഖലകൾ എന്നിവ ഉൾക്കൊള്ളുന്ന വിവിധ പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി ഓഫീസ് കെട്ടിട നിർമ്മാണത്തിന്റെ മൂന്നാം ഘട്ട പൂർത്തീകരണത്തിന് പൊതുമരാമത്ത് വകുപ്പ് മുഖേന 600 ലക്ഷം രൂപ അനുവദിച്ചു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി കുടിവെള്ള പദ്ധതിക്ക് 7,500 ലക്ഷം രൂപയാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 പൊയ്യ ഗ്രാമ പഞ്ചായത്ത് കടാംകുളം നവീകരണവും മാള ഗ്രാമ പഞ്ചായത്ത് കരിക്കാട്ട്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കും 500 ലക്ഷം രൂപ അനുവദിച്ചു. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് കെട്ടുചിറ സംരക്ഷണവും ഉപ്പുവെള്ള സ്ലൂയിസുകളുടെ നിർമ്മാണത്തിനുമായി 700 ലക്ഷം രൂപയും, കൊടുങ്ങല്ലൂർ ആനാപ്പുഴ – കക്കമാടൻ തുരുത്ത് പുഴയോരം കെട്ടി സംരക്ഷണത്തിനായി 1,300 ലക്ഷം രൂപയും അനുവദിച്ചു. അന്നമനട പാലിപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിക്ക് 6,000 ലക്ഷം രൂപയാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രാദേശിക ഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ ഭാഗമായി പുത്തൻചിറ പഞ്ചായത്ത് ഓഡിറ്റോറിയം (ഫേസ്–2), വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഓഡിറ്റോറിയം (ഫേസ്–2), അന്നമനട പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയം എന്നിവയുടെ പൂർത്തീകരണത്തിന് ആവശ്യമായ തുകകൾ ബജറ്റിൽ വകയിരുത്തി. കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിൽ ചാപ്പാറ സയൻസ് പാർക്ക് രണ്ടാം ഘട്ട പൂർത്തീകരണത്തിന് 1,000 ലക്ഷം രൂപയും ഓട്ടിസം സെന്റർ നിർമ്മാണത്തിന് 200 ലക്ഷം രൂപയും അനുവദിച്ചു.

ടൂറിസം വികസനത്തിന് ഊന്നൽ നൽകിക്കൊണ്ട് കൂഴുർ പഞ്ചായത്തിലെ കുണ്ടൂർ ബോട്ട് ജെട്ടി – ചെമ്പോത്തുരുത്ത് – പായം തുരുത്ത് – കൊച്ചുകടവ് ടൂറിസം പദ്ധതിക്ക് 600 ലക്ഷം രൂപയും, പൊയ്യ അഡാക് ഫിഷ് ഫാമിൽ എക്കോ ടൂറിസം പദ്ധതിക്ക് 1,500 ലക്ഷം രൂപയും ബജറ്റിൽ ഉൾപ്പെടുത്തി.

ഗതാഗത സൗകര്യ വികസനത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 14 റോഡുകളുടെ നവീകരണത്തിനും വികസനത്തിനുമായി പൊതുമരാമത്ത് വകുപ്പ് മുഖേന 5,500 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ മാള ടൗൺ പോസ്റ്റ് ഓഫീസ് റോഡ് ഭൂമി ഏറ്റെടുത്ത് വീതി കൂട്ടിയും ടൗൺ ബ്യൂട്ടിഫിക്കേഷൻ പൂർത്തീകരിക്കുന്നതിനുമായി 1,600 ലക്ഷം രൂപയും അനുവദിച്ചു.

മാള ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് സമുച്ചയം നിർമ്മിക്കുന്നതിനായി 1,500 ലക്ഷം രൂപയും, ഗ്രാമീണ റോഡ് വികസന പദ്ധതികൾക്കായി വിവിധ പഞ്ചായത്തുകളിൽ 300 ലക്ഷം രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സാംസ്കാരിക മേഖലയിലെ വളർച്ച ലക്ഷ്യമിട്ട് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ സാംസ്കാരിക നിലയം നിർമ്മിക്കുന്നതിനായി 500 ലക്ഷം രൂപ അനുവദിച്ചു. ആരോഗ്യ മേഖലയിൽ കൂഴുർ കുടുംബരോഗ്യ കേന്ദ്രത്തിന്റെ ചുറ്റുമതിൽ നിർമ്മാണത്തിനും ബജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്.

date