Skip to main content

ഒല്ലൂരിൽ വികസന വസന്തം; ബജറ്റിൽ 137.20 കോടി അനുവദിച്ചു

 

 

 കഴിഞ്ഞ 10 വർഷത്തിൽ 2350 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി - കെ രാജന്‍

 

ഒല്ലൂർ നിയോജക മണ്ഡലത്തിൽ വികസന വസന്തം തീർക്കുന്നതും, സമസ്ത മേഖലകളെയും ചേർത്തുപിടിക്കുന്നതുമായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ അറിയിച്ചു. കഴിഞ്ഞ 10 വർഷക്കാലയളവിൽ ഒല്ലൂർ മണ്ഡലത്തിൽ 2350 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയത് എന്നും, അതിന്റെ തുടർച്ചയായാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ 137.70 കോടി രൂപയുടെ പുതിയ പദ്ധതികൾക്ക് അനുമതി ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

 

അടിസ്ഥാന സൗകര്യ വികസനം, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, കായികം, ജലസ്രോതസുകളുടെ സംരക്ഷണം എന്നിവയെ സമന്വയിപ്പിച്ച സമഗ്ര വികസന സമീപനമാണ് ബജറ്റിലൂടെ നടപ്പാക്കുന്നത്.

 

പുത്തൂർ സൂവോളജിക്കൽ പാർക്കിന്റെ തുടർ പ്രവർത്തനങ്ങൾക്ക് 600 ലക്ഷം രൂപയും, കേരള വനഗവേഷണ കേന്ദ്രത്തിന്റെ (കെ എഫ് ആർ ഐ) വികസനത്തിന് 1320 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ബൃഹദ് പദ്ധതിയായ പീച്ചി ടൂറിസം പദ്ധതിയുടെ പ്രാരംഭ വികസന പ്രവർത്തനങ്ങൾക്ക് 100 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.

 

റോഡ്–പാലം മേഖലയിൽ വലിയ മുന്നേറ്റമാണ് ബജറ്റിലൂടെ സാധ്യമാകുന്നത്. ചെമ്പൂത്ര ക്ഷേത്രം റോഡ്, കശുമാവ് റോഡ്, നീലിപ്പാറ മണിയൻ കിണർ റോഡ് എന്നിവയുടെ നവീകരണത്തിനും, പുഴമ്പള്ളം, കൈരളി, മണ്ണാവ്, തെങ്ങുംതറ, പല്ലുതേവർ, തുളിയാൻകുന്ന് എന്നിവിടങ്ങളിലെ പാലങ്ങളുടെ നിർമ്മാണത്തിനുമായി കോടികൾ അനുവദിച്ചു.

 

ആരോഗ്യ രംഗത്ത് വെള്ളാനിക്കര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പുതിയ കെട്ടിട നിർമ്മാണവും ഒല്ലൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ നവീകരണവും ബജറ്റിലെ പ്രധാന പദ്ധതികളാണ്. വിദ്യാഭ്യാസ മേഖലയിലെ വികസനത്തിന് ആശാരിക്കാട് ഗവ. യു.പി. സ്കൂൾ ഗ്രൗണ്ട് നിർമ്മാണവും പീച്ചി ഐ.ടി.ഐ. കെട്ടിട നിർമ്മാണവും ഉൾപ്പെടുത്തിയിട്ടുണ്ട്.

 

താണിക്കുടം പുഴ, കച്ചിത്തോട് ഡാം, വഴുക്കുംപാറ കുളം, രാമൻചിറ തുടങ്ങിയ ജലസ്രോതസുകളുടെ നവീകരണം പരിസ്ഥിതി സംരക്ഷണവും കുടിവെള്ള സുരക്ഷയും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പുത്തൂർ ഇന്റർനാഷണൽ സ്റ്റേഡിയം, പഞ്ചായത്ത് ഓഫീസ് കെട്ടിടം, ജംഗ്ഷൻ വികസനം തുടങ്ങിയ പദ്ധതികൾ ഒല്ലൂരിന്റെ സാമൂഹ്യ–ആർഥിക വളർച്ചക്ക് പുതിയ ഊർജ്ജം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

കഴിഞ്ഞ ഒരു ദശകത്തിനിടെ 2350 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയ സർക്കാർ, ഈ ബജറ്റിലൂടെ ഒല്ലൂരിനെ വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുകയാണ് എന്നും, പ്രഖ്യാപിച്ച എല്ലാ പദ്ധതികളും സമയബന്ധിതമായി നടപ്പാക്കുമെന്നും റവന്യൂ മന്ത്രി കെ. രാജൻ വ്യക്തമാക്കി.

date