വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഴവര്‍ഗ പോഷകത്തോട്ടം കാമ്പയിനുമായി സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഴവര്‍ഗ പോഷകത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പ്രത്യേക കാമ്പയിനുമായി സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍. 14 ജില്ലകളിലുമായി 4500 പഴവര്‍ഗ പോഷകത്തോട്ട യൂണിറ്റുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. പ്രകൃതിയോടും കൃഷിയോടും സംസ്‌കാരത്തോടും വിദ്യാര്‍ത്ഥികളെ ചേര്‍ത്തുനിര്‍ത്തുന്ന പദ്ധതിയാണ് ഇത്. ഓരോ ജില്ലയിലും ശരാശരി 300 പോഷകത്തോട്ട യൂണിറ്റുകള്‍ നടപ്പിലാക്കും. ഹയര്‍ സെക്കന്‍ഡറി -സെക്കന്‍ഡറി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും.
സംസ്ഥാന കൃഷിവകപ്പിന്റെ 'പോഷക സമൃദ്ധി മിഷന്റെ ഭാഗമായി ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ നടപ്പാക്കുന്ന 'രാഷ്ട്രീയ കൃഷിവികാസ് യോജന- പഴവര്‍ഗ പോഷകത്തോട്ട പദ്ധതിയില്‍' ഉള്‍പ്പെടുത്തിയാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഗ്രീന്‍ കേഡറ്റ് കോര്‍പ്സ് തുടങ്ങിയ വിദ്യാര്‍ത്ഥി കൂട്ടായ്മകളുടെ നേതൃത്വത്തിലും സമ്പൂര്‍ണ വിദ്യാര്‍ത്ഥി പങ്കാളിത്തത്തിലുമാണ് പദ്ധതി നടപ്പാക്കുന്നത്.
കുറഞ്ഞത് 10 സെന്റ് കൃഷിഭൂമിയെങ്കിലും ലഭ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കും. ഒരു സ്ഥാപനത്തിനു പരമാവധി അഞ്ച് യൂണിറ്റുകള്‍ വരെ (50 സെന്റ്) അനുവദിക്കും. മാവ്. പ്ലാവ്, പപ്പായ, പേര, നെല്ലി, സപ്പോട്ട, റംബൂട്ടാന്‍, പാഷന്‍ ഫ്രൂട്ട്, നാരകം, വെസ്റ്റ് ഇന്ത്യന്‍ ചെറി തുടങ്ങി ഓരോ പ്രദേശത്തിനും അനുയോജ്യമായ പഴവര്‍ഗ ഇനങ്ങള്‍ പോഷകത്തോട്ടങ്ങളില്‍ ഉള്‍പ്പെടുത്തും. പഴവര്‍ഗ തൈകള്‍ സൗജന്യമായി വിതരണം ചെയ്യും. സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്റെയും കൃഷിവകുപ്പിന്റെയും അനുയോജ്യമായ മറ്റു പദ്ധതികളെ സംയോജിപ്പിച്ചാണ് നടപ്പാക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പദ്ധതിക്ക് നേതൃത്വം നല്‍കാന്‍ അധ്യാപകരുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും സേവനം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. 2026 ഫെബ്രുവരി ആദ്യം കാമ്പയിന്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലകളിലെ ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷനുമായോ കൃഷിഭവനുകളുമായോ ബന്ധപ്പെടണം.
- Log in to post comments