Skip to main content

അൻപ് വീട്, വർദ്ധിച്ച ആശ്വാസകിരണം സഹായം   എണ്ണം പറഞ്ഞ സാമൂഹ്യനീതി ബജറ്റ്: മന്ത്രി ഡോ.ആർ.ബിന്ദു

 

 

ജനകീയ സർക്കാർ മുതിർന്ന പൗരർക്കൊപ്പമെന്നു തെളിയിച്ചിരിക്കുകയാണ് രാജ്യത്ത് ആദ്യമായി അവതരിപ്പിക്കപ്പെട്ട വയോജന ബജറ്റെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ബൗദ്ധികവെല്ലുവിളിയുള്ളവർക്ക് പ്രാദേശികതലത്തിൽ പരിചരണം ഉറപ്പാക്കുന്നതിനുള്ള 'അൻപ് വീട്' കെയർഹോം പദ്ധതിയും ഭിന്നശേഷിക്കാരുടെ കൂട്ടിരിപ്പുകാർക്കുള്ള ആശ്വാസകിരണം സഹായധനം അറുനൂറിൽനിന്നും ആയിരം രൂപയാക്കി ഉയർത്തിയതും പോലെ, എണ്ണംപറഞ്ഞ സാമൂഹ്യനീതി പ്രഖ്യാപനങ്ങൾകൊണ്ട് വിവിധ സാമൂഹ്യവിഭാഗങ്ങളെയാകെ ചേർത്തുപിടിക്കുന്ന ബജറ്റാണിത്. ആശ്വാസകിരണം പദ്ധതിയ്ക്കുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കിയിരിക്കുകയാണ് ബജറ്റിൽ. അമ്പതു കോടിയിൽനിന്നും നൂറു കോടി രൂപയാക്കി ഇത് വർദ്ധിപ്പിച്ചു - മന്ത്രി ഡോ. ബിന്ദു പറഞ്ഞു. 

 

ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്ക് ഡേ കെയർ സൗകര്യവും ചെറിയകാല താമസ സൗകര്യവും അടക്കമുള്ള പിന്തുണാസംവിധാനങ്ങളോടെയാണ് സന്നദ്ധസംഘടനകളെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും സംയോജിപ്പിച്ച് ബ്ലോക്ക് തലങ്ങളിൽ പുതുതായാരംഭിക്കുന്ന 'അൻപ് വീട്' പദ്ധതി. മൂന്നു കോടി രൂപയാണ് പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾക്ക് ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. 

 

ജീവിതസായന്തനത്തിൽ വയോജനങ്ങളെ ചേർത്തുപിടിക്കുക മാത്രമല്ല, വയോജനങ്ങളുടെ അനുഭവങ്ങളടക്കമുള്ള വിഭവസമ്പത്ത് സമൂഹത്തിന് ഉപയുക്തമാക്കാനുള്ള ഭാവന കൂടി ചേർന്നതാണീ വയോജന ബജറ്റ്. സംരംഭകത്വങ്ങളിൽ മുതിർന്നവരെ പങ്കുചേർക്കാൻ ആരംഭിക്കുന്ന 'ന്യൂ ഇന്നിംഗ്സ്' പദ്ധതി ഉദാഹരണം. കളിസ്ഥലങ്ങളും ആരോഗ്യസേവനങ്ങളുമടക്കം വയോജനങ്ങൾക്കായൊരുക്കുന്ന 'റിട്ടയർമെൻ്റ് ഹോമുകൾ' പുതിയൊരു വയോജനസംസ്കാരം സംസ്ഥാനത്ത് രൂപപ്പെടുത്തും. വയോജന സമ്പത്ത് സമൂഹസമ്പത്താക്കാൻ ലക്ഷ്യമിട്ട് രാജ്യത്താദ്യമായി ആരംഭിച്ച വയോജന കമ്മീഷന് അമ്പതു ലക്ഷം രൂപ നീക്കിവെച്ചത് കമ്മീഷന്റെ പ്രാരംഭപ്രവർത്തനങ്ങൾക്ക് അടിത്തറയാവും. 

 

ഭിന്നശേഷി പുനരധിവാസത്തിൽ സർക്കാരിനുള്ള പ്രതിജ്ഞാബദ്ധത ഉറപ്പിക്കുന്നതാണ് പുനരധിവാസ സ്ഥാപനങ്ങളായ നിപ്മറിനും (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ & റിഹാബിലിറ്റേഷൻ) നിഷിനും (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്) ബജറ്റിൽ നൽകുന്ന പിന്തുണ. നിപ്മറിന് 22.50 കോടിയും നിഷിന് 27.50 കോടിയും വകയിരുത്തിയത് ദേശീയസ്ഥാപനങ്ങളുടെ പദവിയിലേക്കുയർന്നു കഴിഞ്ഞ ഈ സ്ഥാപനങ്ങൾക്ക് വലിയ ഊർജ്ജമേകും. ഭിന്നശേഷിത്വം പരിഹരിക്കാനുള്ള പ്രാരംഭ ഇടപെടലിന് അഞ്ച് ഏർളി ഇൻ്റർവെൻഷൻ സെൻ്ററുകൾക്കായി 64 കോടി രൂപ നീക്കിവെച്ചത് ഭിന്നശേഷി സമൂഹത്തോടുള്ള കേരളത്തിന്റെ ഐക്യദാർഢ്യമാണ്. 

 

മൊബൈൽ ക്ലിനിക്കുകൾ, പാലിയേറ്റിവ് ഹോം കെയർ, ആംബുലൻസ് സേവനം, ആവശ്യമായ കൗൺസലിംഗ് എന്നിവയിലൂടെ വയോജനങ്ങൾക്ക് ജീവനാഡിയായി പ്രവർത്തിക്കുന്ന 'വയോമിത്രം' പദ്ധതിയ്ക്ക് 27.50 കോടി രൂപ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. 'തനിച്ചല്ല നിങ്ങൾ ഒപ്പമുണ്ട് ഞങ്ങൾ' എന്ന പ്രഖ്യാപനവുമായി കേരള സമൂഹം ചേർത്തുപിടിക്കുന്ന ട്രാൻസ്ജെൻഡർ സമൂഹത്തിനായി വിവിധ 'മഴവിൽ' പദ്ധതികൾ നടപ്പാക്കാൻ ആറു കോടി രൂപ മാറ്റിവെച്ചത് അവരുടെ ശാക്തീകരണ പ്രവർത്തനങ്ങളിൽ കൂടുതൽ മുതൽക്കൂട്ടും. മുതിർന്ന പൗരർക്കുള്ള പകൽസമയ പരിചരണത്തിന് പകൽ വീടുകൾ സായംപ്രഭാ ഹോമുകൾ ആക്കാൻ14 കോടി രൂപ നീക്കിവെച്ചത് പകൽവീടുകളെ വിനോദം, ആരോഗ്യപരിചരണം, പോഷകാഹാര വിതരണം എന്നിവയിൽ കൂടുതൽ കാര്യക്ഷമമാക്കും. വീടുകളിൽ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങളെ സഹായിക്കാൻ 'സന്നദ്ധസേന'കളെ സജ്ജമാക്കുന്ന നൂതനപദ്ധതിയും വയോജന ബജറ്റിന് മാറ്റേകുന്നതാണ് - മന്ത്രി ഡോ:ആർ.ബിന്ദു പറഞ്ഞു.

 

date