ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം; പരപ്പയില്‍ 'സമ്പൂര്‍ണ്ണതാ അഭിയാന് 2.0' ന് തുടക്കമായി
ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി നീതി ആയോഗ് വിഭാവനം ചെയ്ത 'സമ്പൂര്‍ണ്ണതാ അഭിയാന് 2.0' പദ്ധതിയുടെ ലോഞ്ചിംഗ് പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. സാമൂഹിക വികസന സൂചികകളില്‍ പിന്നാക്കം നില്ക്കുന്ന ബ്ലോക്കുകളെ ശാക്തീകരിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയിലൂടെ ആറ് പ്രധാന മേഖലകളിലാണ് വികസനം ലക്ഷ്യമിടുന്നത്.
ആറ് മാസം മുതല്‍ ആറ് വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ ന്യൂട്രീഷന്‍ പ്രോഗ്രാം, അങ്കണവാടി കുട്ടികളുടെ വളര്‍ച്ച നിരീക്ഷണം, അങ്കണവാടികളിലെ ഉപയോഗപ്രദമായ ടോയ്ലറ്റ് സൗകര്യം, അങ്കണവാടികളിലെ കുടിവെള്ള സൗകര്യം, സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ടോയ്ലറ്റ് സൗകര്യം, കന്നുകാലികളുടെ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് എന്നിവയില്‍ 100% ഉറപ്പുവരുത്തുക എന്നിവയാണ് 'സമ്പൂര്‍ണ്ണതാ അഭിയാന് 2.0'-ന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി, എല്ലാ മേഖലകളിലും നൂറു ശതമാനം നേട്ടം കൈവരിക്കുന്നതിന് വേണ്ടി വിവിധ വകുപ്പുകള്‍ ഏറ്റെടുത്തു നടത്തുന്ന പദ്ധതികളെക്കുറിച്ച് ചടങ്ങില്‍ വിശദമായ ചര്‍ച്ച നടന്നു.
പിന്നാക്കം നില്ക്കുന്ന മേഖലകളെ കണ്ടെത്തി സമയബന്ധിതമായി വികസനം സാധ്യമാക്കാന്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് യോഗം വിലയിരുത്തി. സമ്പൂര്‍ണ്ണതാ അഭിയാന്റെ ആദ്യഘട്ടത്തില്‍ എ.എന്‍.സി രജിസ്ട്രേഷന്, ഹൈപ്പര്‍ ടെന്‍ഷന്‍ സ്ക്രീനിംഗ്, ഡയബറ്റിസ് സ്ക്രീനിംഗ്, ഗര്‍ഭിണികള്‍ക്കുളള സപ്ലിമെന്ററി ന്യൂട്രീഷ്യന്‍, സോയില്‍ കാര്‍ഡ് വിതരണം, എസ്.എച്ച്.ജി കള്‍ക്കുള്ള റിവോള്‍വിംഗ് ഫണ്ട് വിതരണം എന്നീ ആറ് സൂചകങ്ങളില്‍ നാലെണ്ണത്തിലും നൂറു ശതമാനം നേട്ടം കൈവരിച്ച് പരപ്പ ബ്ലോക്ക് പഞ്ചായത്ത് നീതി ആയോഗിന്റെ വെങ്കല മെഡല്‍ നേടിയിരുന്നു.
പരിപാടിയുടെ ഭാഗമായി ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന് കീഴില്‍ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ശക്തിപ്പെടുത്തുന്നതിനായി ബ്ലോക്ക് തല ശില്പശാലയും സംഘടിപ്പിച്ചു. നീതി ആയോഗ് ഡെവലപ്മെന്റ് പാര്‍ട്ണറായ മൈക്രോസേവ് കണ്‍സള്‍ട്ടിംഗിലെ കെ.ഡോ.ആരോക്കിയരാജ് ശില്പശാലയ്ക്ക് നേതൃത്വം നല്കി. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു.
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മെഴ്സി മാത്യു, പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.രഘുനാഥ്, ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ലത, കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി ജയചന്ദ്രന്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.പി ചിത്രലേഖ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ വകുപ്പുകളുടെ ജില്ലാ- ബ്ലോക്ക് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.രാജേഷ് സ്വാഗതവും പരപ്പ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.
- Log in to post comments