മഹാത്മാഗാന്ധി രക്തസാക്ഷിത്വ വാരാചരണം
കോട്ടയം: കൊച്ചിന്‍ ബിനാലെ 2025-26 ന്റെ ഭാഗമായി സംസ്ഥാന പുരാരേഖാ വകുപ്പ് മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് വൈക്കത്ത് വിവിധ പരിപാടികള്‍ നടത്തും. ജനുവരി 30 മുതല്‍ ഫെബ്രുവരി ആറുവരെ വൈക്കം സത്യാഗ്രഹ സ്മാരക മ്യൂസിയത്തില്‍ ചരിത്ര സെമിനാര്‍, പ്രദര്‍ശനം, ക്യൂറേറ്റോറിയല്‍ വാക്ക്, പപ്പറ്റ് ഷോ, നാടന്‍പാട്ട് തുടങ്ങിയ പരിപാടികളാണ് നടത്തുന്നത്.
വെള്ളിയാഴ്ച(ജനുവരി 30)രാവിലെ 10.30ന് സി.കെ. ആശ എം.എല്‍.എ. പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. വൈക്കം നഗരസഭാ ചെയര്‍മാന്‍ അബ്ദുല്‍ സലാം റാവുത്തര്‍ അധ്യക്ഷനാകും. സംസ്ഥാന പുരാരേഖാ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് എസ്. പാര്‍വതി, വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം സൂപ്രണ്ട് എ. മഞ്ജു, നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സൗദാമിനി അഭിലാഷ്,വാര്‍ഡ് കൗണ്‍സിലര്‍ റജിമോള്‍ പ്രദീപ്, മ്യൂസിയം സൗഹൃദ സമിതി അംഗങ്ങളായ അഡ്വ. പി.കെ. ഹരികുമാര്‍, എം.കെ. രവീന്ദ്രന്‍, എം.ഡി. ബാബുരാജ്, കെ.സി. ദീപ, കെ. ശശികല, എഫ്. ജോണ്‍, വിനു മോഹന്‍, സില്‍വി തോമസ്, എസ്. സുഖേഷ്, വൈക്കം നഗരസഭാ സെക്രട്ടറി ആര്‍. രഞ്ജിത് നായര്‍, ആല ബദല്‍ വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രം പ്രതിനിധി മനു ജോസ് എന്നിവര്‍ പങ്കെടുക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് പപ്പറ്റ് ഷോ നടത്തും.
ഫെബ്രുവരി അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്നിന് നാടന്‍ പാട്ട്. ഫെബ്രുവരി ആറിന് രാവിലെ 10ന് മലയാള സര്‍വകലാശാലാ അധ്യാപകന്‍ ഡോ. അനില്‍ ചേലേമ്പ്ര സെമിനാര്‍ നയിക്കും. രാവിലെ 10.30 ന് നടക്കുന്ന രക്തസാക്ഷിത്വ വാരാചരണം സമാപന സമ്മേളനം രജിസ്‌ട്രേഷന്‍-പുരാവസ്തു-പുരാരേഖ-മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സി.കെ. ആശ എം.എല്‍.എ. അധ്യക്ഷയാകും.
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച വൈക്കം ഭാസിയെ ചടങ്ങില്‍ ആദരിക്കും. സംസ്ഥാന പുരാരേഖ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് എസ്. പാര്‍വതി, ഡെപ്യൂട്ടി ചെയര്‍ പേഴ്‌സണ്‍ സൗദാമിനി അഭിലാഷ്, സ്ഥിരം സമിതി അംഗങ്ങളായ ബി. രാജശേഖരന്‍, ഗീത പുരുഷന്‍, സോണി സണ്ണി, കെ.ബി. ഗിരിജാകുമാരി, ഡി. രഞ്ജിത് കുമാര്‍, നഗരസഭാംഗം റജിമോള്‍ പ്രദീപ്, വൈക്കം ഡി.വൈ.എസ്.പി. പി.എസ്. ഷിജു, കേരള ഭാഷാ മുന്‍ ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം സൂപ്രണ്ട് എ. മഞ്ജു എന്നിവര്‍ പങ്കെടുക്കും.
- Log in to post comments