Skip to main content

ജില്ലാതല ആരോഗ്യ കലോത്സവം സംഘടിപ്പിച്ചു

കുട്ടികളിൽ നല്ല ആരോഗ്യശീലങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ ജില്ലാതല ആരോഗ്യ കലോത്സവം സംഘടിപ്പിച്ചു. കളർകോട് ഗവ. എൽപി സ്കൂളിൽ നടന്ന പരിപാടി ആലപ്പുഴ നഗരസഭാധ്യക്ഷ മോളി ജേക്കബ് ഉദ്ഘാടനം ചെയ്തു. 'അക്ഷരം ആരോഗ്യം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. കലയെയും ആരോഗ്യ അവബോധത്തെയും കോർത്തിണക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യവകുപ്പിലെ ജില്ലാ എജ്യൂക്കേഷൻ മീഡിയ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്. 
ജില്ലയിലെ 12 ആരോഗ്യ ബ്ലോക്കുകളിൽ നടന്ന ബ്ലോക്ക് തലമത്സരങ്ങളിൽ പങ്കെടുത്ത 1500ൽ പരം വിദ്യാർഥികളിൽ നിന്നും ഒന്നും രണ്ടും സ്ഥാനം നേടിയ 282 പേരാണ്‌ ജില്ലാതല മത്സരത്തിൽ പങ്കെടുത്തത്. ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രസംഗം, പ്രച്ഛന്നവേഷം, ചിത്രരചന, പദപ്രശ്നം എന്നീ വ്യക്തിഗത ഇനങ്ങളും ഏഴു പേരടങ്ങുന്ന അഭിനയഗാനം എന്ന ഗ്രൂപ്പ് ഇനവുമാണ്‌ കലോത്സവത്തിൽ ഉൾപ്പെടുത്തിയത്‌. 

ചടങ്ങിൽ നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എ എം നൗഫൽ  അധ്യക്ഷനായി. മത്സര വിജയികൾക്കുള്ള സമ്മാനദാനം ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ നിർവഹിച്ചു. ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. പാർവതി പ്രസാദ്, ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ ആർ വിവേക് കുമാർ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ കോശി സി പണിക്കർ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ എസ് ആർ ദിലീപ്കുമാർ, ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. ആർ സേതുനാഥ്, സ്കൂൾ പ്രഥമധ്യാപിക പി പി ശാലിനി, ജില്ലാ ലാബ് ഓഫീസർ ഇൻ ചാർജ് എ ജയ, ജില്ലാ ‌പബ്ലിക് ഹെൽത്ത് നേഴ്സിംഗ് ഓഫീസർ ഇൻ ചാർജ് എ എൻ ശശികല തുടങ്ങിയവർ പങ്കെടുത്തു.

date