Skip to main content

കണിയൻചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പുതിയ കെട്ടിടമായി

 

കണിയൻചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പുതുതായി നിർമിച്ച കെട്ടിടം പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സ്കൂൾ  കെട്ടിടങ്ങളുടെ മനോഹാരിതക്കപ്പുറം അവിടെ നൽകുന്ന വിദ്യാഭ്യാസത്തിന്റെ ഗുണമേന്മക്കാണ് പ്രധാന്യമെന്നും മാറുന്ന കാലത്തിനനുസരിച്ച് പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി കുട്ടികളെ ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കാൻ പ്രാപ്തരാക്കാൻ അധ്യാപകർക്ക് കഴിയണമെന്നും  മന്ത്രി പറഞ്ഞു. 

സംസ്ഥാന സർക്കാർ 2023-24 പ്ലാൻ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ വകയിരുത്തിയാണ്  നിലവിലുള്ള കെട്ടിടങ്ങളോടനുബന്ധിച്ച് പുതിയ കെട്ടിടം നിർമ്മിച്ചത്. ആറ് ക്ലാസ് മുറികളാണ് പുതിയ കെട്ടിടത്തിലുള്ളത്.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി രവീന്ദ്രന്‍ അധ്യക്ഷനായി. സർവീസില്‍ നിന്നും വിരമിക്കുന്ന അധ്യാപിക ആന്‍സി ജോസഫ്, സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് ജെയ്സ് മനോജ് എന്നിവര്‍ക്ക് മന്ത്രി ഉപഹാരങ്ങള്‍ നല്‍കി. തലശേരി പി ഡബ്ല്യു ഡി ബിൽഡിംഗ് ഡിവിഷൻ എക്സികുട്ടീവ് എഞ്ചിനീയർ സി സവിത റിപ്പോർട്ട് അവതരിപ്പിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം ജെസി  ഷിജി, നടുവിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സോണി കവിയിൽ, പി ബഷീറ, പ്രിൻസിപ്പൽ ടി.ജെ ലത മോൾ, പ്രധാനാധ്യാപിക കെ വി ശാലിനി,പി ടി എ പ്രസിഡന്റ് സി.എം ഷഫീഖ്, വിവിധ രാഷ്ട്രീയ കക്ഷി, സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date