Skip to main content

എസ്.ആർ.വി സ്‌കൂൾ ഓഡിറ്റോറിയം പഴമ നിലനിർത്തിക്കൊണ്ട് സമഗ്ര നവീകരണം: 99 ലക്ഷം രൂപ അനുവദിച്ച് ടി.ജെ. വിനോദ് എം.എൽ.എ

എറണാകുളം മണ്ഡലത്തിലെ പ്രസിദ്ധമായ എസ്.ആർ.വി സ്‌കൂളിന്റെ ചരിത്രപ്രാധാന്യമുള്ള ഓഡിറ്റോറിയം പഴമയും പൈതൃക സവിശേഷതകളും സംരക്ഷിച്ചുകൊണ്ട് സമഗ്രമായി നവീകരിക്കുമെന്ന് ടി.ജെ. വിനോദ് എം.എൽ.എ അറിയിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 99 ലക്ഷം രൂപ ഇതിനായി അനുവദിച്ചിരിക്കുകയാണ്.

സ്കൂളിൽ അക്കാദമിക്, സാംസ്കാരിക, സാമൂഹിക പരിപാടികൾ ഉൾപ്പെടെ ഏറ്റവും അധികം ചടങ്ങുകൾ നടത്തപ്പെടുന്ന കേന്ദ്രമാണ് ഈ ഓഡിറ്റോറിയം. വാർഷികാഘോഷങ്ങൾ, സെമിനാറുകൾ, പരീക്ഷാഫല പ്രഖ്യാപനങ്ങൾ, പൊതുയോഗങ്ങൾ തുടങ്ങിയ അനവധി പരിപാടികൾ ഇവിടെ നടക്കുന്നു. എന്നാൽ വർഷങ്ങളായി യാതൊരു പ്രധാനപ്പെട്ട അറ്റകുറ്റപ്പണികളും നടത്താത്തതിനാൽ ഓഡിറ്റോറിയത്തിന്റെ നിലവിലെ അവസ്ഥ വളരെ ശോചനീയമാണ്. മേൽക്കൂരയിലും വൈദ്യുതി സംവിധാനങ്ങളിലും ഉണ്ടായിരിക്കുന്ന ക്ഷയം, ഇരിപ്പിടങ്ങളുടെ തകരാർ, ശബ്ദ-വെളിച്ച സംവിധാനങ്ങളുടെ അപാകത എന്നിവ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചുവരികയായിരുന്നു. മഴക്കാലത്ത് ചോർച്ചയും സുരക്ഷാ ആശങ്കകളും ഉയർന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ ആവശ്യമായത്.

ഈ പശ്ചാത്തലത്തിലാണ് സമഗ്ര നവീകരണ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതെന്ന് ടി.ജെ. വിനോദ് എം.എൽ.എ വ്യക്തമാക്കി. കൊച്ചി മുൻസിപ്പൽ കോർപ്പറേഷന്റെ മേൽനോട്ടത്തിൽ പ്രവൃത്തി നടത്തപ്പെടും. നിർവഹണ ചുമതല കേരള ഇലക്ട്രിക്കൽ & അല്ലൈഡ് എൻജിനീയറിംഗ് കമ്പനിയ്ക്കാണ്. വൈദ്യുതി, ശബ്ദ-വെളിച്ച സംവിധാനങ്ങളുടെ നവീകരണം, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഘടനാപരമായ ബലപ്പെടുത്തൽ, ഇരിപ്പിടങ്ങളുടെ പുതുക്കൽ, വേദിയുടെ നവീകരണം എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിർമ്മാണം ആരംഭിക്കുന്നതിന് മുൻപ് ഓഡിറ്റോറിയത്തിന്റെ പൈതൃക മൂല്യവും ശില്പശൈലിയും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും, പഴമയുടെ ഭംഗി നഷ്ടപ്പെടാതെ തന്നെ ആധുനിക സൗകര്യങ്ങൾ ഒരുക്കണമെന്നും ടി.ജെ. വിനോദ് എം.എൽ.എ നിർദ്ദേശിച്ചു. “പഴമ സംരക്ഷിച്ച് പുരോഗതി ഉറപ്പാക്കുക” എന്ന സമീപനത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.

നിർമ്മാണ ഉദ്ഘാടനം ടി.ജെ. വിനോദ് എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ കെ.വി.പി. കൃഷ്ണൻകുമാർ, ഡിവിഷൻ കൗൺസിലർ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽമാരായ ബിജു എ.എൻ, ജിൻസി ജോസഫ്, ഹെഡ്മിസ്ട്രെസുമാരായ സജിനി പി.പി, സീമ ടി.കെ, പി.ടി.എ പ്രസിഡന്റ് ജോർജ് ആന്റണി, ഇംഗൽസ് കെ.എ, ഓ.എസ്.എ പ്രസിഡന്റ് എം.പി. ശശിധരൻ, കൊച്ചി റോട്ടറി പ്രസിഡന്റ് ബി.ആർ. അജിത്, അധ്യാപകരായ അജിമോൻ പൗലോസ്, സുനിൽ ആന്റണി, ടി.എ. മുരളി എന്നിവർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

നവീകരണ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ വിദ്യാർത്ഥികൾക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷത്തിൽ വിദ്യാഭ്യാസ-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ സാധിക്കുമെന്നും, സ്കൂളിന്റെ അഭിമാനമായി മാറുന്ന രീതിയിൽ ഓഡിറ്റോറിയം ഉയർത്തിപ്പിടിക്കാനാകുമെന്നും ടി.ജെ. വിനോദ് എം.എൽ.എ വ്യക്തമാക്കി.

date