എറണാകുളം നിയോജക മണ്ഡലത്തിലെ സർക്കാർ / പബ്ലിക്ക് ഹെൽത്ത് ലബോറട്ടറികളുടെ പ്രവർത്തനം ശക്തിപ്പെടുത്തണം: ടി.ജെ. വിനോദ് എം.എൽ.എ
എറണാകുളം നിയോജകമണ്ഡലത്തിലെ പബ്ലിക്ക് ഹെൽത്ത് ലബോറട്ടറികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും, പൊതുജനങ്ങൾക്ക് വേഗത്തിലുള്ളതും വിശ്വാസ്യതയുള്ളതുമായ സേവനം ഉറപ്പാക്കണമെന്നും ടി.ജെ. വിനോദ് എം.എൽ.എ ആരോഗ്യ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.
മണ്ഡലത്തിലെ വിവിധ സർക്കാർ ആശുപത്രികളിൽ പ്രവർത്തിക്കുന്ന ലബോറട്ടറികളിൽ ആവശ്യമായ സൗകര്യങ്ങളുടെയും സാങ്കേതിക സംവിധാനങ്ങളുടെയും കുറവ് നിലനിൽക്കുന്ന സാഹചര്യത്തിൽ, പരിശോധനാഫലങ്ങൾ ലഭിക്കുന്നതിൽ താമസം നേരിടുന്നതായി എം.എൽ.എ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് പരിരോധനപരിശോധനകൾ ഉൾപ്പെടെ പ്രധാനപ്പെട്ട ടെസ്റ്റുകൾക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ പരിശോധനക്കായി എത്തുന്ന രോഗികൾ പോലും രാവിലെ 8.30 കാത്തിരുന്നാൽ മാത്രമാണ് പരിശോധന നടത്താൻ സാധിക്കുന്നത്, പല പരിശോധനകൾക്കും ആവശ്യമായ റീയേജന്റ്സ് ഇല്ലാത്തതിനാൽ പരിശോധനകൾ നടത്താത്ത സാഹചര്യമാണ്.
ഇത് പരിഹരിക്കുന്നതിനായി ആവശ്യമായ തസ്തികകൾ അടിയന്തരമായി സ്ഥാപിച്ച്, ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കുകയും, ലബോറട്ടറികളുടെ പ്രവർത്തനസമയം വിപുലീകരിക്കുകയും ചെയ്യേണ്ടതുണ്ട്. അതിരാവിലെ നടത്തേണ്ട ഫാസ്റ്റിംഗ് പരിശോധനകൾ നടത്തേണ്ടതിനായി ജീവനക്കാരുടെ സമയക്രമം മാറ്റി ഷിഫ്റ്റ് അടിസ്‌ഥാനമാക്കി നൽകുന്നതും പരിഗണിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രികളിൽ എത്തുന്ന സാധാരണക്കാരായ രോഗികൾക്ക് സ്വകാര്യ ലബോറട്ടറികളിലേക്ക് തിരിയേണ്ട സാഹചര്യം ഒഴിവാക്കാൻ സർക്കാർ ഇടപെടൽ അനിവാര്യമാണെന്നും എം.എൽ.എ അഭിപ്രായപ്പെട്ടു.
- Log in to post comments