Skip to main content

ജീവിതശൈലിയിലൂടെ രോഗങ്ങളെ അകറ്റി നിർത്താൻ കഴിയണം: ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് 

മികച്ച ജീവിതശൈലിയിലൂടെ  രോഗങ്ങളെ അകറ്റി നിർത്താൻ  കഴിയണമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ. സംസ്ഥാന ആയുഷ് വകുപ്പിന്റെയും   നാഷണൽ ആയുഷ് മിഷൻ കേരളയുടെയും നേതൃത്വത്തിൽ നടത്തുന്ന 'ഹെൽത്തി കേരള, വൈബ് ഫോർ വെൽനസ്' ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യരംഗത്ത് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന നാടായ കേരളത്തിൽ തന്നെ ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചുവരുന്നു എന്നത് വൈരുദ്ധ്യാത്മകമാണ്. രോഗങ്ങൾ  വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗപ്രതിരോധശേഷി  ആർജ്ജിക്കുന്നതാണ്. ഭക്ഷണരീതിയും ജീവിതചര്യയും ക്രമപ്പെടുത്തിയാൽ തന്നെ രോഗങ്ങളെ അകറ്റി നിർത്താൻ കഴിയും. എല്ലാ ചികിത്സാരീതികളിലെയും നല്ല വശങ്ങളെ കോർത്തിണക്കി മുന്നോട്ട് പോകാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിലുടനീളം  വിവിധ പരിപാടികളാണ് ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. ഇതുവഴി ആയുഷ് ആരോഗ്യ സേവനങ്ങളെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം.

ജില്ലാ ആസൂത്രണ സമതി ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ  ശ്രീദേവി മധു അധ്യക്ഷയായി.

നാഷണൽ ആയുസ്സ് മിഷൻ  ജില്ലാ പ്രോഗ്രാം മാനേജർ ഡോ.  കെ.വി.പി  ജയകൃഷ്ണൻ, ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ  ഡോ. സീബ. എസ്. ബാലകൃഷ്ണൻ, ഹോമിയോപ്പതി വകുപ്പ്  ജില്ലാ മെഡിക്കൽ ഓഫീസർ  ഡോ. മേഴ്‌സി ഗോൺസാൽവസ്, ഭാരതീയ ചികിത്സാ വകുപ്പ് കൺവീനർ ഡോ. ഹേമേഷ് പി. ജോഷി, ഹോമിയോപ്പതി വകുപ്പ് കൺവീനർ ഡോ. പി. അനീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച  ആരോഗ്യജാഥ  കാക്കനാട് സിവിൽ സ്റ്റേഷൻ അങ്കണത്തിൽ അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.

date