Skip to main content

സമഗ്ര ശിക്ഷാ കേരള ക്രിയേറ്റീവ് ഫെസ്റ്റ്

ജില്ലയിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ സമഗ്രമായ മാറ്റം ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പിനോടൊപ്പം സമഗ്രശിക്ഷാ കേരളവും, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി  ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയും സംയുക്തമായി സ്‌കൂളുകളില്‍ നടപ്പിലാക്കി വരുന്ന ക്രിയേറ്റീവ് കോര്‍ണര്‍  പദ്ധതിയുടെ ഭാഗമായി കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂള്‍ ക്യാമ്പസ്സില്‍ 2026 മാര്‍ച്ച് 3 ന് രാവിലെ 10.00 മണി മുതല്‍ ജില്ലാതല ഫെസ്റ്റ് സംഘടിപ്പിക്കുന്നു. കട്ടപ്പന നഗരസഭ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. കട്ടപ്പന വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിക്കും.

ജില്ലയില്‍ നിന്നും 14 സ്‌കൂളുകളിലായി 140 കുട്ടികളും ചുമതലയുള്ള അധ്യാപകരും, രക്ഷിതാക്കളും, വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും. പഠനത്തിനൊപ്പം വിദ്യാര്‍ത്ഥികളില്‍ തൊഴില്‍ നൈപുണി വളര്‍ത്തിയെടുക്കുവാന്‍ അക്കാദമിക പ്രവര്‍ത്തനങ്ങളോടൊപ്പം പൊതുവിദ്യാലയങ്ങളിലെ ക്ലാസ്സ് മുറികളില്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ക്രിയേറ്റീവ് കോര്‍ണര്‍. പാഠാശയങ്ങളെ സരസവും ലളിതവും ക്രിയാത്മകവുമായ രീതിയില്‍ അനുഭവേദ്യമാക്കുന്നതിനും, ചെറിയ പ്രായത്തില്‍ തന്നെ തൊഴില്‍ വൈദഗ്ധ്യത്തിനും തൊഴിലിനോടുള്ള ആഭിമുഖ്യം വളര്‍ത്തുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് 5.5 ലക്ഷം രൂപ ഉപയോഗപ്പെടുത്തി ലാബുകള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്.

ക്രിയേറ്റീവ് ഫെസ്റ്റിനോടനുബന്ധിച്ച് നടത്തുന്ന പ്രദര്‍ശനത്തില്‍ ഫാഷന്‍ ടെക്‌നോളജി, കുക്കിംഗ്, ഇലക്‌ട്രോണിക്‌സ്, പ്ലബിംഗ്, ഗ്രാഫ്റ്റിംഗ് മുതലയാ മേഖലകളുമായി ബന്ധപ്പെട്ട ലൈവ് പ്രദര്‍ശനങ്ങളും ഉണ്ടായിരിക്കും. വിവിധ സ്‌കൂളുകളില്‍ നിന്നും എത്തുന്ന കുട്ടികള്‍ക്കും, അധ്യാപകര്‍ക്കും പ്രദര്‍ശനമേള കാണുന്നതിനും ആസ്വദിക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കുന്നതാണെന്ന് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.എ ബിനുമോന്‍ അറിയിച്ചു.

date