Skip to main content

ഭവന പദ്ധതികൾക്കും കാർഷിക വികസനത്തിനും ഊന്നൽ നൽകി ജില്ലാ പഞ്ചായത്ത് ബജറ്റ്

-സേവനമേഖലയിൽ 26.67 കോടി 
-ഭവന പദ്ധതിക്ക് 9.10 കോടി 
-കാർഷിക മേഖലയ്ക്ക് 4.25 കോടി 
-മത്സ്യത്തൊഴിലാളി മേഖലയ്ക്ക് 90 ലക്ഷം 
-സാംസ്‌കാരിക മേഖലയ്ക്ക് ഉണർവേകാൻ ആലപ്പുഴ പെരുമ 

ജില്ലാ പഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റിൽ ഭവന പദ്ധതിക്ക് മുൻതൂക്കം. സേവനമേഖലയിൽ 26.67 കോടി രൂപ
നീക്കി വെച്ചിട്ടുള്ള ബജറ്റിൽ ഭവന പദ്ധതിക്ക് ഒമ്പത് കോടി 10 ലക്ഷം രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്. പി എം എ വൈ ബ്ലോക്ക് പഞ്ചായത്തുകൾക്ക് അധിക വിഹിതം നൽകുന്നതിന് ആറ് കോടി രൂപയും ലൈഫ് പദ്ധതി ജില്ലാ പഞ്ചായത്ത് വിഹിതം നൽകുന്നതിന് മൂന്ന് കോടി രൂപയും ബജറ്റിൽ വകയിരുത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാറാണ് 'ദിശ' എന്ന് പേരിട്ട ബജറ്റ് അവതരിപ്പിച്ചത്. പ്രാരംഭബാക്കി 44,24,17,147 കോടി രൂപയും തൻവർഷ വരവ് 120,77,43,050 കോടി രൂപയും ഉൾപ്പെടെ ആകെ 165,01,60,197 കോടി രൂപ വരവും 164,43, 88,194 കോടി രൂപ ചെലവും 57,72,003 ലക്ഷം രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് ചൊവ്വാഴ്ച അവതരിപ്പിച്ചത്.

കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകി തരിശുരഹിത ജില്ലയായി ആലപ്പുഴയെ മാറ്റുക, കാർഷിക സംസ്‌കാരത്തെ വീണ്ടെടുക്കുന്നതിനായി ആലപ്പുഴ ബ്രാന്റിൽ അരി, പാൽ, എള്ളെണ്ണ എന്നിവ വിപണിയിൽ എത്തിക്കുക, കുട്ടികളിൽ കാർഷിക അവബോധം സൃഷ്ടിക്കുന്നതിനായി സ്‌കൂളുകളിൽ ജൈവകൃഷി പ്രോത്സാഹനം നൽകുക എന്നിവ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളാണ്.

ഒരു സ്‌കൂളിൽ ഒരു കളിയിടം

വിദ്യാർഥികളിലെ മാനസിക, ശാരീരിക, കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി കളിസ്ഥലങ്ങൾ സജ്ജമാക്കും. കായിക മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കുവാൻ ജില്ലാ സ്‌പോർട്സ് അക്കാഡമി രൂപീകരിക്കുമെന്നും ബജറ്റിൽ പറയുന്നു. ജില്ലയിലെ പൈതൃക ഗ്രാമങ്ങളെ സംരക്ഷിക്കും. ആലപ്പുഴ പെരുമ - സാംസ്‌കാരിക മേഖലയ്ക്ക് ഉണർവേകുന്നതിനായി സംസ്ഥാന സർക്കാരും ടൂറിസം വകുപ്പുമായി ചേർന്ന് ബ്ലോക്കുകളിൽ സാംസ്‌കാരിക കൂട്ടായ്മകൾ സംഘടിപ്പിച്ച് ഗ്രാമോത്സവങ്ങൾ സംഘടിപ്പിക്കും.

പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള നിരവധി പദ്ധതികളോടൊപ്പം സ്ത്രീകളുടെ സാമൂഹിക പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് ഈസി കിച്ചൺ പദ്ധതി നടപ്പിലാക്കും. കരുതലോടെ ശൈശവം എന്ന പേരിൽ ജില്ലയിൽ സ്ഥലം ലഭ്യമായ അങ്കണവാടികൾക്ക് ഭൗതിക സാഹചര്യം ഒരുക്കും. ജില്ലയെ സമ്പൂർണ്ണ ശുചിത്വ പ്രദേശമാക്കുന്നതിനായി മികച്ച മാലിന്യ സംസ്‌ക്കരണ പദ്ധതികളും ഗോവർധൻ പദ്ധതിയടക്കം നടപ്പാക്കും. സമഗ്ര പൊതുജനാരോഗ്യം ലക്ഷ്യം വെച്ച് ഡബ്ല്യു.എച്ച്.ഒ.യുമായി ചേർന്ന് ആരോഗ്യമേള സംഘടിപ്പിക്കും.

മത്സ്യത്തൊഴിലാളി മേഖലയ്ക്ക് 90 ലക്ഷം രൂപയും കാർഷിക മേഖലയ്ക്ക് 4.25 കോടി രൂപയും ക്ഷീരവികസന മേഖലയ്ക്ക് ഒരുകോടി 40 ലക്ഷം രൂപയും സാമൂഹ്യ നീതി വിഭാഗത്തിൽ മൂന്നു കോടി 50 ലക്ഷം രൂപയും ജെൻഡറും വികസനവും എന്ന മേഖലയിൽ ഒരുകോടി 80 ലക്ഷം രൂപയും ബജറ്റിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളുടെ സ്റ്റേഡിയം പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വിഹിതം നൽകാൻ 10 ലക്ഷം രൂപയും ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ടൂറിസം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്തുകൾക്ക് വിഹിതം നൽകാൻ 25 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.
 

വിദ്യാഭ്യാസ മേഖലയിൽ നൂതനാശയം 
എ ഐ കോർണർ - പ്രത്യേക പരിശീലനം

വിദ്യാഭ്യാസം, കല, സാംസ്‌കാരികം, കായികം എന്നിവയ്ക്ക് എട്ട് കോടി 34 ലക്ഷം രൂപ നീക്കിവെച്ചിരിക്കുന്ന ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ബജറ്റിൽ ചെട്ടികുളങ്ങര ഫെസ്റ്റിനായി 25 ലക്ഷം രൂപയും ആലപ്പുഴ പെരുമ ഫെസ്റ്റിനായി 25 ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് സ്‌കൂളുകളിൽ കൾച്ചറൽ ഹബ്ബ് കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകാൻ (നാടകം, നൃത്തം, സിനിമ) 11 ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട്.

ഉയർന്നുവരുന്ന സാങ്കേതികവിദ്യയായ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) കുട്ടികളിൽ പരിശീലനം നൽകുന്നതിന് എ ഐ കോർണർ സ്‌കൂൾ ഇന്നവേഷൻ ഹബ്ബ് സ്ഥാപിക്കുമെന്ന് ബജറ്റ് പറയുന്നു.

ആരോഗ്യരംഗത്ത് മൂന്ന് കോടി 50 ലക്ഷം രൂപ അടിസ്ഥാന സൗകര്യ വികസനത്തിനായി വിനിയോഗിക്കും. സമഗ്ര പാലിയേറ്റീവ് പദ്ധതിക്കായി ഗ്രാമപഞ്ചായത്തുകൾക്ക് വിഹിതം നൽകുന്നതിന് 50 ലക്ഷം രൂപ വകയിരുത്തി.
പട്ടികജാതി മേഖലയിലെ വികസനത്തിനായി 17.92 കോടി രൂപ ബജറ്റിൽ മാറ്റിവെച്ചിട്ടുണ്ട്. പട്ടികജാതി വിദ്യാർഥികൾക്ക് പഠനമറി നിർമ്മിച്ചു നൽകാൻ 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളികൾക്ക് വള്ളം നൽകുന്ന പദ്ധതിക്കായി 40 ലക്ഷം രൂപ നീക്കിവെച്ചു. ജില്ലാ പഞ്ചായത്ത് സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 6.46 കോടി രൂപയും പെരിറ്റോണിയൽ ഡയാലിസിസ് കൺസ്യൂമബിൾസ് നൽകുന്നതിന് 15 ലക്ഷം രൂപയും വിദ്യാർഥികൾക്ക് പ്രത്യേക കായിക പരിശീലനത്തിന് 15 ലക്ഷം രൂപയും വകരുത്തിയിട്ടുണ്ട്.

ആലപ്പി ബ്രാൻഡ് അരി നെല്ല് സംഭരണവും മൂല്യ വർദ്ധിത ഉൽപ്പന്ന വിപണവും എന്ന വിഭാഗത്തിലായി 10 ലക്ഷം രൂപയും എള്ള് സംഭരണവും ഓണാട്ടുകര ബ്രാൻഡ് എള്ളെണ്ണ വിപണനവും എന്ന വിഭാഗത്തിൽ അഞ്ച് ലക്ഷം രൂപയും ആലപ്പി ബ്രാൻഡ് പാൽ സംഭരണത്തിനും വിപണനത്തിനുമായി 10 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി. ബജറ്റ് അവതരണ യോഗത്തിൽ സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ മഹേന്ദ്രൻ സഭയിലെ മുതിർന്ന അംഗം ജെയിംസ് ചെങ്കുതറക്ക് ബജറ്റ് നൽകി പ്രകാശനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷരായസന്ധ്യ ബെന്നി, ഡി അംബുജാക്ഷി ടീച്ചർ, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി പ്രദീപ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ബജറ്റ് അവതരണ ചർച്ചയിൽ പങ്കെടുത്തു.

ബജറ്റിലെ മറ്റ് പ്രധാന നിർദ്ദേശങ്ങൾ ചുവടെ,

*ക്ഷീരവികസന മേഖലയിൽ 1 കോടി 40 ലക്ഷം രൂപ
*ചെറുകിട വ്യവസായം 40 ലക്ഷം രൂപ
*സാമൂഹ്യനീതി: 3 കോടി 50 ലക്ഷം രൂപ
*ദാരിദ്ര്യ ലഘൂകരണം: 1 കോടി 25 ലക്ഷം രൂപ
*ടാൻസ് ജെന്റേഴ്‌സ് ഗ്രൂപ്പുകൾക്ക്
സ്വയംതൊഴിലിന് സഹായം: 10 ലക്ഷം രൂപ
*ആരവം -വയോജന കലാമേള: 10 ലക്ഷം രൂപ
*പാഥേയം- എച്ച് ഐ വി ബാധിതർക്ക്
പോഷകാഹാരം: 1 കോടി രൂപ
*പൊതു മരാമത്ത്, വൈദ്യുതി, ഊർജ്ജം: 5 കോടി 8 ലക്ഷം രൂപ
*സ്പോർട്സാണ് ലഹരി: 10 ലക്ഷം രൂപ
*ശുചിത്വം മേഖലയിലേക്ക്: 3.85 കോടി രൂപ
*കുടിവെള്ള മേഖലയിൽ: 3.85 കോടി രൂപ
*തരിശുരഹിത ആലപ്പുഴ - തരിശു കിടക്കുന്ന സ്ഥലങ്ങൾ വനിത ജെ.എൽ. ഗ്രൂപ്പുകളെ ഉപയോഗപ്പെടുത്തി കൃഷിയോഗ്യമാക്കുക: 50 ലക്ഷം രൂപ

date