Skip to main content

കളമശ്ശേരി ഫുഡ്‌ ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പോഷകാഹാരത്തോട്ടം ഒരുങ്ങി

 മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു

കേരള സർക്കാർ കൃഷിവകുപ്പിന്റെ സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞത്തിന്റെ ഭാഗമായി കളമശ്ശേരി ഫുഡ്‌ ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ സജ്ജമാക്കിയ പോഷകാഹാരത്തോട്ടം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. 

ഭക്ഷ്യ ഉത്പാദന-സേവന രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ടിന് ഇത്തരം വിഷരഹിത പച്ചക്കറി കൃഷികൾ വലിയ മുതൽക്കൂട്ടാവുമെന്ന് മന്ത്രി പറഞ്ഞു. ഗുണനിലവാരമുള്ള ഭക്ഷണം പാകം ചെയ്യാൻ പരിശീലനം നൽകുന്നതിനൊപ്പം തന്നെ, അതിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ ഗുണമേന്മ ഉറപ്പാക്കാനുള്ള അവബോധം കൂടി വിദ്യാർത്ഥികൾക്ക് നൽകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

അധ്യാപകരായ ശ്യാം കുമാർ, എസ് അജിത്ത്, റെൻസൺ, റസീന ബീവി, ജോഷി വർഗീസ്, ജീന ജോൺ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വിവിധ പച്ചക്കറി തൈകൾ നട്ടു. വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്തുന്നതിനായി വിവിധ കാർഷിക ക്ലബ്ബുകളും ഇൻസ്റ്റിറ്റ്യൂട്ടിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്.

ചടങ്ങിൽ നഗരസഭാ ചെയർമാൻ ജമാൽ മണക്കാടൻ അധ്യക്ഷനായി. വാർഡ് കൗൺസിലർ മാഹിൻ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ ഗീത, അസിസ്റ്റന്റ് ഡയറക്ടർ സൗമ്യ പോൾ, കൃഷി ഓഫീസർ അഞ്ചു മറിയം,പ്രിൻസിപ്പൽ എസ്. ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.

date