വി.എഫ്.സിയിലും പി.വി.സിയിലുമായി ജില്ലയിൽ 3904 പേർ വോട്ടു രേഖപ്പെടുത്തി
-തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് സംവിധാനം സജ്ജം
-എന്തെങ്കിലും കാരണത്താൽ ഉദ്യോഗസ്ഥർക്ക് ഏഴിനകം വി.എഫ്.സിയിൽ എത്തി വോട്ടു ചെയ്യാൻ സാധിച്ചില്ലെങ്കിൽ പ്രത്യേക സൗകര്യം ഒരുക്കും
ജില്ലയിൽ അവശ്യ സർവീസ് വിഭാഗത്തിലുൾപ്പെട്ട വോട്ടുകളിൽ വോട്ടർ ഫെസിലിറ്റേഷൻ സെന്ററിലും (വി.എഫ്.സി) പോസ്റ്റൽ വോട്ടിംഗ് സെന്ററിലുമായി (പി.വി.സി) 3904 പേർ വോട്ടു രേഖപ്പെടുത്തിയതായി ജില്ലാ നോഡൽ ഓഫീസർ അറിയിച്ചു. പി.വി.സികളിൽ 2841 വോട്ടുകളും വി.എഫ്.സികളിൽ 1063 വോട്ടുകളുമാണ് ഇതുവരെ ചെയ്തത്. മറ്റ് ജില്ലകളിൽ നിന്നുകൂടി പോസ്റ്റൽ ബാലറ്റുകൾ എത്തുന്നതോടെ വരും ദിവസങ്ങളിൽ ജില്ലയിൽ വോട്ടിംഗ് ശതമാനം ഉയരും.
തപാൽ ബാലറ്റ് വിതരണവും സ്വീകരണവും ഊർജിതമായി നടന്നു വരികയാണ്. പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് രണ്ടാംഘട്ട പരിശീലന കേന്ദ്രത്തിലും പോളിംഗേതര ഡ്യൂട്ടിയിലുള്ളവർക്ക് കണ്ണൂർ എസ്.എൻ കോളേജിലുള്ള വോട്ടർ ഫെസിലിറ്റേഷൻ സെൻ്ററിലുമാണ് വോട്ടു ചെയ്യാനുള്ള സംവിധാനമൊരുക്കിയത്.
ഉദ്യോഗസ്ഥരുടെ പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷകൾ എല്ലാ പരിശീലന കേന്ദ്രങ്ങളിൽ നിന്നും സ്വീകരിക്കുകയും നിയോജക മണ്ഡലാടിസ്ഥാനത്തിൽ തരംതിരിക്കുകയും ചെയ്യുകയാണ് ആദ്യം ചെയ്തത്. ലഭിച്ച അപേക്ഷകൾ ബന്ധപ്പെട്ട വരണാധികാരികൾക്ക് അതിവേഗം എത്തിക്കുന്നതിനായി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിത കോളേജിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല സെൻ്ററും കോഴിക്കോട്, വയനാട്, കാസർഗോഡ്, കണ്ണൂർ ജില്ലകൾക്കുള്ള റീജ്യനൽ സെൻ്ററുമുണ്ട്.
അതാത് വരണാധികാരിക്ക് ലഭിക്കുന്ന അപേക്ഷകൾ പരിഗണിച്ച് പോസ്റ്റൽ ബാലറ്റിന് അർഹമെങ്കിൽ ബാലറ്റും അനുബന്ധ ഫോമുകളും കവറുകളും ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന ജില്ലയിലേക്കും തുടർന്ന് അവർ രണ്ടാംഘട്ട പരിശീലനത്തിന് എത്തേണ്ട കേന്ദ്രത്തിലും എത്തിക്കും. ഇതിനായി നിയോജക മണ്ഡലാടിസ്ഥാനത്തിൽ നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്.
പരിശീലന ദിവസം വോട്ടു ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ ഏപ്രിൽ 7 വരെ പ്രസ്തുത കേന്ദ്രത്തിലെ വോട്ടർ ഫെസിലിറ്റേഷൻ കേന്ദ്രത്തിലെത്തി വോട്ടു ചെയ്യാനും അവസരമുണ്ട്. എന്തെങ്കിലും കാരണത്താൽ ഉദ്യോഗസ്ഥർക്ക് ഏപ്രിൽ ഏഴിനകം വോട്ടർ ഫെസിലിറ്റേഷൻ സെൻ്ററിൽ എത്തി വോട്ടു ചെയ്യാൻ സാധിച്ചില്ലെങ്കിൽ അവർക്കായി പ്രത്യേക സൗകര്യം ഒരുക്കും.
- Log in to post comments