Skip to main content

എൻ.ഡി.ആർ.എഫ് റീജിയണൽ റെസ്പോൺസ് സെന്ററിന് തറക്കല്ലിട്ടു

കേരളത്തിന്റെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകി എറണാകുളത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്) റീജിയണൽ റെസ്പോൺസ് സെന്ററിന് തറക്കല്ലിട്ടു. എറണാകുളം ഇരുമ്പനം - എരൂർ റോഡിൽ കേരള സർക്കാർ അനുവദിച്ച അഞ്ച് ഏക്കർ ഭൂമിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള റീജിയണൽ റെസ്പോൺസ് സെന്റർ ഉയരുന്നത്.
എൻ.ഡി.ആർ.എഫ് നാലാം ബറ്റാലിയന്റെ കീഴിൽ ആരംഭിക്കുന്ന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. 

​തമിഴ്‌നാട്ടിലെ ആരക്കോണം ആസ്ഥാനമായി പ്രവർത്തിക്കുന്ന നാലാം ബറ്റാലിയന്റെ രണ്ട് ടീമുകളാണ് നിലവിൽ കേരളത്തിലുള്ളത്. തൃശൂരിലെ കേരള സിവിൽ ഡിഫൻസ് അക്കാദമിയിൽ താൽക്കാലികമായി പ്രവർത്തിച്ചു വരുന്ന ഈ സംഘത്തിന് പുതിയ കേന്ദ്രം സജ്ജമാകുന്നതോടെ സ്ഥിരമായ ആസ്ഥാനമാകും. 

​ദുരന്ത സാഹചര്യങ്ങളിൽ സേനാംഗങ്ങൾക്ക് അതിവേഗം വിന്യസിക്കപ്പെടാൻ സഹായിക്കുന്ന രീതിയിലുള്ള ബാറക്കുകൾ, അത്യാവശ്യ ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള സ്റ്റോർ റൂമുകൾ, പരിശീലന ബ്ലോക്കുകൾ എന്നിവയടങ്ങിയ വിപുലമായ സമുച്ചയമാണ് ഇവിടെ നിർമ്മിക്കുന്നത്. മധ്യകേരളത്തിൽ എൻ.ഡി ആർ. എഫിന് സ്ഥിരമായ ഒരു കേന്ദ്രം വരുന്നത് പ്രകൃതിക്ഷോഭങ്ങൾ ഉൾപ്പെടെയുള്ള അടിയന്തര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കും.

ചടങ്ങിൽ എൻ ഡി ആർ എഫ് ഡെപ്യൂട്ടി കമാൻഡന്റ് എസ്  വൈത്തിയലിംഗം, സി.ഐ.എസ്.എഫ് ബി.പി.സി.എൽ യൂണിറ്റ് ഡെപ്യൂട്ടി കമാൻഡന്റ് ഗിരീശൻ എന്നിവർ  പങ്കെടുത്തു.

date