ജില്ലാ വികസന സമിതി യോഗം മഴക്കാല മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം
മഴക്കാല മുന്നൊരുക്കങ്ങള്‍ അടിയന്തരമായി നിര്‍വഹിക്കാന്‍ ജില്ലാ വികസനസമിതി യോഗത്തില്‍ പൊതുനിര്‍ദേശം. യോഗത്തില്‍ പങ്കെടുത്ത മന്ത്രിമാരായ ഷിബു ബേബി ജോണ്‍, ബിന്ദു കൃഷ്ണ എന്നിവര്‍ പ്രവര്‍ത്തനങ്ങളെല്ലാം സമയബന്ധിതമായി നിര്‍വഹിക്കാന്‍ നിര്‍ദേശം നല്കി.
അപകടനിലയിലുള്ള മരങ്ങള്‍ മുറിക്കുന്നത് തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. അതിനുള്ള സാങ്കേതികവൈദഗ്ധ്യം ഉറപ്പാക്കാന്‍ വനം വകുപ്പ് കൂടി ഉള്‍പ്പെട്ട നടപടിവേണം. സാമൂഹ്യവനവത്കരണ വിഭാഗവുമായി സഹകരിച്ച് നടപടകള്‍ പൂര്‍ത്തിയാക്കാം. സ്കൂളുകളുടെ പരിധിയിലുള്ള മരങ്ങള്‍ ആദ്യം നീക്കം ചെയ്യാം. മഴക്കാലപൂര്‍വ തയ്യാറെടുപ്പിന്റെ ഭാഗമായി പഞ്ചായത്തുപരിധിയിലുള്ള ഓടകള്‍ അതത് തദ്ദേശസ്ഥാപനങ്ങള്‍ വൃത്തിയാക്കണം. പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ വൃത്തിയാക്കിതുടങ്ങിയത് കൃത്യതയോടെപൂര്ത്തിയാക്കണം- മന്ത്രി ഷിബു ബേബി ജോണ്‍ നിര്‍ദേശിച്ചു.
ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായുണ്ടായ വെള്ളക്കെട്ട്ഒഴിവാക്കാന് തഹസില്‍ദാര്‍മാര്‍ മുഖാന്തിരം നടപടിയെന്ന് യോഗാധ്യക്ഷയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
കാലതാമസമില്ലാതെ പരാതിപരിഹാരമാണ് മുഖ്യലക്ഷ്യമാക്കേണ്ടതെന്ന് മന്ത്രി ബിന്ദുകൃഷ്ണ ഉദ്യോഗസ്ഥരെ ഓര്‍മപ്പെടുത്തി. ജനോപകാര പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുകയാണ്. കൊല്ലം കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡില്‍ പുതിയകെട്ടിടം നിര്‍മിക്കുന്നത് പരിഗണനയിലുണ്ട്. ജില്ലാ ആശുപത്രി വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നടപടികളുണ്ടാകും എന്നും വ്യക്തമാക്കി.
ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി കല്ലുംതാഴത്തുള്ള ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ പ്രത്യേകക്രമീകരണം. കമേഴ്സ്യല്‍ വാഹനങ്ങള്‍ക്ക് സമയനിയന്ത്രണം; രാവിലെ 8.30 മുതല്‍ 10.00 വരെയും വൈകിട്ട് 3.30 മുതല്‍ അഞ്ചു വരെയും. ബസ് സ്റ്റോപുകളുടെ സ്ഥാനക്രമീകരണം നടത്തുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരെയും ഇതര സൗകര്യങ്ങളും ലഭ്യമാക്കണമെന്ന് എം എം നസീര്‍ എം എല്‍ എ ആവശ്യപ്പെട്ടു. ചാത്തന്നൂര്‍, മൈലക്കാട് പ്രദേശങ്ങളില്‍ ദേശീയപാതയോരത്തെ വീടുകളില്‍ വെള്ളംകയറുന്നത് ഒഴിവാക്കാന്‍ ദേശീയപാത അതോറിറ്റി നടപടി സ്വീകരിക്കണമെന്ന് ബി ബി ഗോപകുമാര്‍ എം എല്‍ എ നിര്‍ദേശിച്ചു.
ജില്ലാ ആശുപത്രിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണം. തൃക്കോവില്‍വട്ടം പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് ആംബുലന്‍സ് ഉടന്‍ ലഭ്യമാക്കണം. കുണ്ടറ താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തനസജ്ജമാക്കണം. പുനലൂര്‍-കായംകുളം സംസ്ഥാനപാതയില്‍ വെള്ളക്കെട്ട് തടയാന്‍ ഓടകള്‍ ശുചീകരിക്കണം. പത്തനാപുരം മണ്ഡലത്തില്‍ പെരുകുന്ന വന്യജീവി ആക്രമണംതടയാന്‍ നടപടിവേണം തുടങ്ങിയ ആവശ്യങ്ങളും ഉയര്‍ന്നു.
മന്ത്രി പി സി വിഷ്ണുനാഥിന്റെ പ്രതിനിധി ബാബുരാജ്, സി ആര് മഹേഷ് എം എല്‍ എ യുടെ പ്രതിനിധി സജീവ്, ജ്യോതികുമാര്‍ ചാമക്കാല എം എല്‍ എയുടെ പ്രതിനിധി എം ഷാന്‍, സി അജയപ്രസാദ് എം എല്‍ എയുടെ പ്രതിനിധി എസ് രാജേഷ്, കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍, എന്‍ കെ പ്രേമചന്ദ്രന് എം പിയുടെ പ്രതിനിധി കെ എസ് വേണുഗോപാല്‍, എ ഡി എം ടി കെ വിനീത്, സബ് കലക്ടര്‍ അഖില്‍ വി. മേനോന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments