പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
സോഷ്യല്‍ ഫോറസ്ട്രി ഉത്തരമേഖല, കോഴിക്കോട് ഡിവിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കെ ജയന്ത് എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍ അധ്യക്ഷയായി. സോഷ്യല്‍ ഫോറസ്ട്രി ഉത്തര മേഖല ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി മുഖ്യപ്രഭാഷണം നടത്തി. സോഷ്യല്‍ ഫോറസ്ട്രി എക്‌സ്റ്റന്‍ഷന്‍ ഡിവിഷന്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ എ പി ഇംതിയാസ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം ജോഷില്‍, സോഷ്യല്‍ ഫോറസ്ട്രി ഉത്തര മേഖല ഫോറസ്റ്റ് അസി. കണ്‍സര്‍വേറ്റര്‍ കെ നീതു, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ എന്‍ ദിവ്യ, സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ഫാദര്‍ സനീഷ് മാത്യു, ബിനോയ് ജോസഫ് എന്നിവര്‍ സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി രാവിലെ കാലിക്കറ്റ് റോയല്‍ റണ്ണേഴ്‌സിന്റെ സഹകരണത്തോടെ കോഴിക്കോട് ബീച്ച് മുതല്‍ വരക്കല്‍ വരെ സംഘടിപ്പിച്ച മിനി മാരത്തോണ്‍ കെ ജയന്ത് എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു.
ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിസ്ഥിതി വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സാക്ഷരതാ മിഷന്‍ ഓഫീസ് വളപ്പില്‍ ഫലവൃക്ഷത്തൈ നട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍ നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ബല്‍ക്കീസ് ടീച്ചര്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി കെ മുരളി പരിസ്ഥിതിദിന സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് അംഗം പി കെ ബാബു, ജില്ലാ അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ പി നൗഷാദ്, ജൂനിയര്‍ സൂപ്രണ്ട് പി സോണിയ, പി കെ അഞ്ജലി എന്നിവര്‍ സംസാരിച്ചു. ജില്ലാ സാക്ഷരതാ മിഷന്‍ കോഓഡിനേറ്റര്‍ പി എന്‍ ബാബു സ്വാഗതവും ഓഫീസ് സ്റ്റാഫ് പി ഷെമിത കുമാരി നന്ദിയും പറഞ്ഞു. പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ 35 തുല്യതാ പഠനസ്‌കൂളുകളിലും വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുകയും പരിസ്ഥിതി സംരക്ഷണ ക്ലാസുകള്‍ നടത്തുകയും ചെയ്യും.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബേപ്പൂര്‍ ഫിഷറീസ് കോംപ്ലക്‌സില്‍ ഫലവൃക്ഷത്തൈകളും ചെടികളും നട്ടു. ഫിഷറീസ് എസ്റ്റേറ്റ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് ഗാര്‍ഡ് ടി കെ രാജേഷ്, ഫിഷറീസ് സ്റ്റേഷന്‍ ഹെഡ് ക്ലാര്‍ക്ക് ടി ബിന്ദു, സ്റ്റാഫ് സെക്രട്ടറി കെ ജയപ്രകാശ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാരന്തൂര്‍ മര്‍കസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എം എ റസാഖ് മാസ്റ്റര്‍ എം.എല്‍.എ നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍ അധ്യക്ഷയായി. സാഹിത്യകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ രമേഷ് കാവില്‍ മുഖ്യാതിഥിയായി.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മുനീര്‍ എരവത്ത്, ജില്ലാ പഞ്ചായത്ത് അംഗം സീന അശോകന്‍, ശുചിത്വ മിഷന്‍ അസി. കോഓഡിനേറ്റര്‍ സി കെ സരിത്ത്, പ്രോജക്ട് കോഓഡിനേറ്റര്‍ മുജീബ് റഹ്‌മാന്‍, മര്‍കസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മൂസക്കോയ മാവിളി, ഹെഡ്മാസ്റ്റര്‍ നിയാസ് ചോല, പി.ടി.എ പ്രസിഡന്റ് അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു. പരിസ്ഥിതി സംരക്ഷണ സന്ദേശമുയര്‍ത്തി കര്‍ട്ടണ്‍ പേരാമ്പ്ര അവതരിപ്പിക്കുന്ന 'ഭൂമിവായന' നാടകത്തിന്റെ പ്രദര്‍ശനോദ്ഘാടനവും നടന്നു.
ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂളുകള്‍ക്കായി 'ക്ലീന്‍ വൈബ്‌സ്', ഗാന്ധി സ്മൃതി വൃക്ഷത്തൈ നടീല്‍, പുനരുപയോഗ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനായി 'റീ യൂസ് ഹീറോസ്, റിയല്‍ ഹീറോസ്' ക്യാമ്പയിന്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രത്യേക ഗ്രാമസഭകള്‍, ഖരമാലിന്യ പരിപാലന ചട്ടം 2026 സംബന്ധിച്ച് ചര്‍ച്ച എന്നിവയും നടന്നു.
ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി പ്രൊവിഡന്‍സ് വുമണ്‍സ് കോളേജ് സുവോളജി വകുപ്പുമായി ചേര്‍ന്ന് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍ ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. എ സി ഷീബ അധ്യക്ഷയായി. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോഓഡിനേറ്റര്‍ ഡോ. മഞ്ജു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ബി.എം.സി അംഗങ്ങളായ കെ പി മുഹമ്മദന്‍സ്, ശശികുമാര്‍ ചേളന്നൂര്‍, അഡ്വ. അഫീഫ നഫീസ, ഡോ. ജൂലി, ഡോ. അര്‍ച്ചന, കോളേജ് ഐ.ക്യു.എ.സി കോഓഡിനേറ്റര്‍ ഡോ. പി ലെയ്‌ന എന്നിവര്‍ സംസാരിച്ചു. വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ സംരക്ഷണ പദ്ധതിയിലുള്‍പ്പെട്ട വെള്ള കുന്തിരിക്കത്തിന്റെ തൈ ജില്ലാ പഞ്ചായത്തിലേക്ക് കൈമാറി.
- Log in to post comments