Skip to main content

കുടുംബശ്രീ 'ജീവനം 2.0' ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം ഇന്ന്

ജില്ലയിലെ ക്ഷീരകര്‍ഷകരുടെ വരുമാനവര്‍ദ്ധനവും കന്നുകാലികളുടെ ആരോഗ്യസംരക്ഷണവും ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ലാ മിഷന്‍ നടപ്പിലാക്കുന്ന 'ജീവനം 2.0' ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും ഏകദിന കര്‍ഷക പരിശീലനവും ഇന്ന് (ജൂണ്‍ 20) നടക്കും. രാവിലെ 10 മണിക്ക് കൊല്ലം ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന തൊഴില്‍, വനിതാ ശിശുവികസന, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ലതാദേവി അധ്യക്ഷത വഹിക്കും.
‘ലാഭകരമായ കന്നുകാലി വളര്‍ത്തല്‍: ശാസ്ത്രീയ മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശങ്ങളും' എന്ന വിഷയത്തില്‍ കര്‍ഷകര്‍ക്കായി നടത്തുന്ന പരിശീലന ക്ലാസിന് കുളത്തൂപ്പുഴ റീജിയണല്‍ സെമന്‍ ബാങ്ക് ഡെപ്യൂട്ടി മാനേജര്‍ ഡോ. എബിന്‍ ബേബി മാത്യൂസ് നേതൃത്വം നല്‍കും.  ജില്ലാ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് എസ്.ആര്‍ അരുണ്‍ബാബു,  ഡെപ്യൂട്ടി മേയര്‍ ഡോ. ഉദയാ സുകുമാരന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും സ്ത്രീ ശാക്തീകരണവും മുന്‍നിര്‍ത്തി കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ജീവനം2.0 പദ്ധതിയിലൂടെ കന്നുകാലികളുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിച്ച് കര്‍ഷകരുടെ ചെലവ് കുറയ്ക്കാനും സുസ്ഥിര വരുമാനം ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നത്. മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളുടെ സേവനങ്ങള്‍ ഉറപ്പാക്കിയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. കന്നുകാലികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പുകള്‍, വാക്‌സിനേഷന്‍ ഡ്രൈവുകള്‍, കൃത്യമായ രോഗനിര്‍ണ്ണയ ചികിത്സകള്‍, വിരയിളക്കല്‍ ക്യാമ്പുകള്‍ എന്നിവ പ്രാദേശികമായി സംഘടിപ്പിക്കും. കൂടാതെ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കാന്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെ.സി.സി) വിതരണവും ബാങ്ക് ലോണ്‍ മേളകളും ക്യാമ്പയിനിന്റെ ഭാഗമായി നടക്കും.

date