Skip to main content

വായന മാസാഘോഷത്തിന് തുടക്കം വ്യക്തികളുടെ ബൗദ്ധിക വികാസത്തിന് വായനയ്ക്ക് വലിയ പ്രാധാന്യം: അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

ദേശീയ വായന മാസാഘോഷത്തിൻ്റെ ജില്ലാതല ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. സമഗ്രമായ വ്യക്തി വികാസത്തിന് വായനയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മികച്ച വായന ശീലമാക്കിയ വ്യക്തിയാണ് നമ്മുടെ മുഖ്യമന്ത്രി. ഓരോ വർഷവും ഇത്ര പുസ്‌തകങ്ങൾ വായിക്കുമെന്ന് തീരുമാനിച്ചാണ് അദ്ദേഹം മുന്നോട്ടു പോകുന്നത്. വായനയിലൂടെയാണ് അദ്ദേഹം തൻ്റെ ധൈഷണിക വ്യക്തിത്വം രൂപപ്പെടുത്തിയത്. ഇത്തരത്തിൽ വ്യക്തിയുടെ ബൗദ്ധിക പരിണാമത്തിന് വായനയ്ക്ക് സുപ്രധാന പങ്കു വഹിക്കാൻ കഴിയും. എല്ലാവർക്കും അദ്ദേഹം വായനദിന ആശംസകൾ നേർന്നു.

കാളിയാർ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ
പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ വൈസ് ചെയര്‍മാന്‍ ജോസ് വഴുതനപ്പിള്ളി അധ്യക്ഷത വഹിച്ചു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം ദേശീയശ്രദ്ധ നേടിയെന്ന് അദ്ദേഹം പറഞ്ഞു. വായനയിൽ നിന്ന് അറിവും വികസനവും കൈവരിക്കാനാകും.

ഇളംദേശം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്‌കര്‍ മുഖ്യാതിഥിയായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഐ. ആര്‍. പ്രസാദ് ചടങ്ങില്‍ സ്വാഗതം ആശംസിച്ചു.

പി.എന്‍.പണിക്കര്‍ അനുസ്മരണാര്‍ഥം ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ജൂണ്‍ 19 മുതല്‍ ജൂലൈ 18 വരെയാണ് വായന മാസാഘോഷം സംഘടിപ്പിക്കുന്നത്.
പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ പ്രസിഡന്റ് ജോയി കാട്ടുപള്ളി വായനദിന റാലി ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഗീത പി.സി. വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാളിയാര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് പോത്തനാമുഴി വായനദിന സന്ദേശം നല്‍കി. ഒരു വ്യക്തിയെ സമ്പൂർണ്ണനാക്കി രൂപപ്പെടുത്തുന്നത് വായനയാണ്. എ.പി.ജെ അബ്ദുൾ കലാമിൻ്റെ അഗ്നിച്ചിറകുകൾ എല്ലാ വിദ്യാർഥികളും വായിക്കണം. വായനയ്ക്കായി ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാനും അദ്ദേഹം പറഞ്ഞു.

സാഹിത്യകാരന്‍ പ്രൊഫ. ചാക്കോ കരിന്തോളില്‍ പി.എന്‍.പണിക്കര്‍ സ്മൃതി നിര്‍വഹിച്ചു. വായിച്ചു വളരുക എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യം. ഒരു പുതിയ വാക്ക് എങ്കിലും ഒരു ദിവസം പഠിക്കണം. ഒരു വാചകമെങ്കിലും ഒരു ദിവസം വായിക്കണം. വായനയ്ക്ക് ലോകത്തെ മാറ്റിമറിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സാഹിത്യകാരൻ സുകുമാർ അരിക്കുഴ താൻ രചിച്ച കവിതകൾ ചൊല്ലി.
തൊടുപുഴ മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് സലിം കുട്ടി, റിട്ടയേർഡ് എസ് ഐ ഷംസു എം.സ്., സാഹിത്യകാരന്മാരായ ചാക്കോ കരിന്തോളിൽ, സുകുമാർ അരിക്കുഴ, സെൻ്റ് മേരീസ് എച്ച് എസ് എസ് പ്രധാനാധ്യപിക ലൂസി ജോർജ്, മാനേജർ ഫാ. തോമസ് പോത്തനാമുഴി, അധ്യാപകൻ വി. ഗിരീഷ്, വനിതാ സംരംഭക ഷൈനി അരുൺ, കർഷക ആൻ മരിയ ബിജു, മാധ്യമപ്രവർത്തകൻ വിജയൻ എന്നിവർക്ക് പുരസ്‌കാരം നൽകി.

കഴിഞ്ഞ അധ്യയന വർഷം എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിച്ചു.

പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി നൈസി തോമസ്, തൊടുപുഴ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജോര്‍ജ് അഗസ്റ്റിന്‍, സെൻ്റ് മേരീസ് സ്‌കൂൾ പ്രധാനാധ്യാപകന്‍ ജോ മാത്യു, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി ലാലു ചക്കനാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date