വായന പുതിയ സാധ്യതകളുടെ വാതായനം തുറക്കും: ജില്ലാ കളക്ടർ
വായനദിനം-വായനമാസാചരണം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു
വായന പുതിയ സാധ്യതകളുടെ വാതായനം തുറക്കുമെന്നും കുട്ടികൾ വ്യത്യസ്തമായ പുസ്തകങ്ങൾ വായിക്കാൻ ശീലിക്കണമെന്നും ജില്ലാ കളക്ടർ ഷാജി വി നായർ പറഞ്ഞു. ജില്ലാ ഭരണകേന്ദ്രം വിവര-പൊതുജനസമ്പർക്ക വകുപ്പ്, സാക്ഷരതാ മിഷൻ, പി. എൻ. പണിക്കർ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനദിനത്തിന്റെയും വായനമാസാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം പുന്നപ്ര ജ്യോതിനികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.
കുട്ടികൾ ഭാവിയിൽ എന്താകണം എന്ന് തീരുമാനമെടുക്കുന്നതിൽ വായനക്ക് വലിയ പ്രാധാന്യമുണ്ട്. വായന ജീവിതത്തിന്റെ ഭാഗമാക്കണമെന്നും എല്ലാ തിരക്കിനിടയിലും വായിക്കാൻ കുറച്ച് സമയം ബോധപൂർവം മാറ്റിവെക്കണമെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. ഇന്നത്തെ കുട്ടികൾക്ക് വായനയുടെ പ്രാധാന്യം അറിയാമെന്നും വായിക്കാനുള്ള മികച്ച സാഹചര്യം ഒരുക്കി നൽകേണ്ടത് മുതിർന്നവരാണെന്നും ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി.
പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത ശശി അധ്യക്ഷത വഹിച്ചു. ‘സമകാലിക ലോകക്രമവും വായനയുടെ പ്രസക്തിയും’ എന്ന വിഷയത്തിൽ കവിയും ചിത്രകാരനുമായ എംആർ രേണുകുമാർ പ്രഭാഷണം നടത്തി. സിലബസിന് പുറത്താണ് യഥാർത്ഥ ജ്ഞാനമെന്ന് അദ്ദേഹം പറഞ്ഞു. ലോകക്രമത്തെ ജനായത്തപരമായി
പരിവർത്തിപ്പിക്കുന്നതിൽ വായനക്ക് വലിയ പങ്കുണ്ട്. അറിവും ജനാധിപത്യ അവകാശങ്ങളും എല്ലാവർക്കും ലഭ്യമല്ലാതിരുന്ന കാലത്ത് നിന്നാണ് നമ്മൾ ഇവിടെ എത്തിയത്. ജനവിരുദ്ധവും സ്ത്രീവിരുദ്ധവുമായ ലോകക്രമങ്ങളെ നീതിക്ക് വേണ്ടിയുള്ള സമരങ്ങളിലൂടെ തച്ചുടച്ച് മൌലികാവകാശങ്ങൾ നേടിയെടുത്താണ് നമ്മൾ ഇവിടെ എത്തിയത്. വായന നമ്മെ എല്ലാ അർത്ഥത്തിലും സ്വാതന്ത്രരാക്കുമെന്നും കോടാനുകോടി ജീവികളിൽ ഒരു ജീവി മാത്രമായ മനുഷ്യരെ വ്യത്യസ്തരാക്കുന്നത് വായനയിലൂടെയും എഴുത്തിലൂടെയും നാം നേടിയെടുത്ത സംസ്കാരമാണെന്നും അദ്ദേഹം പറഞ്ഞു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ നെടുമുടി ഹരികുമാർ പി എൻ പണിക്കർ സ്മൃതിപ്രഭാഷണം നടത്തി. മനുഷ്യനെ ബൗദ്ധികമായ പുരോഗതിയിലേക്ക് നയിച്ചത് വായനയാണെന്നും ആ വായനയിലൂടെ ആർജ്ജിക്കുന്ന വിജഞാനത്തെ സമൂഹത്തിന് വേണ്ടി ഫലപ്രദമായി ഉപയോഗിക്കാൻ കുട്ടികളായ നിങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും വായനയും വായനയിലൂടെ ലഭിക്കുന്ന അറിവും ലഭിക്കാൻ ജീവിതകാലം മുഴുവൻ പരിശ്രമിച്ച വ്യക്തിയായിരുന്നു മഹാനായ പി എൻ പണിക്കർ. പുസ്‌തകങ്ങൾ എല്ലാവർക്കും ലഭ്യമാകാതിരുന്ന കാലത്ത് പലരോടും പുസ്‌തകങ്ങൾ ഇരന്നുവാങ്ങിയും അതിനായി പട്ടിണികിടന്നു കേരളത്തിലുടനീളം സഞ്ചരിച്ചുമാണ് അദ്ദേഹം പലയിടത്തും വായനശാലകൾ തുടങ്ങിയത്. വായനയാകണം നമ്മുടെ ലഹരിയെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു.
ചടങ്ങിൽ നെടുമുടി ഹരികുമാർ, എം ആർ രേണുകുമാർ എന്നിവരെ ജില്ലാ കളക്ടർ പൊന്നാടയണിയിച്ചും മെമെന്റോ നൽകിയും ആദരിച്ചു. പി. എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി പ്രതാപൻ നാട്ടുവെളിച്ചം വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം. പുറക്കാട്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. എസ്. സുമേഷ്, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർ ഡിനേറ്റർ ദീപ ജെയിംസ്, പി. എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ രവി പാലത്തിങ്കൽ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ. നാസർ, ജില്ലാ സെക്രട്ടറി പ്രതാപൻ നാട്ടുവെളിച്ചം, ജ്യോതിനികേതൻ സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സെൻ കല്ലുപുര എന്നിവർ സംസാരിച്ചു.
(പിആർ/എഎൽപി/1172)
- Log in to post comments