Skip to main content

ആരോഗ്യവായന പക്ഷാചരണത്തിനു തുടക്കമായി

 

ആദ്യപാഠം ആരോഗ്യപാഠം കാമ്പയിന്റെ ഭാഗമായി വായന പക്ഷാചരണത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥികളിൽ വായനയിലൂടെ ആരോഗ്യശീലങ്ങൾ വളർത്തുന്ന ‘ആരോഗ്യ പാഠം ആരോഗ്യ വായന’ പക്ഷാചരണത്തിന്‌ ജില്ലയിൽ തുടക്കമായി. 

ശുചിത്വപാഠം വായിച്ച് സംസ്ഥാന വായനോത്സവ ജേതാവ്‌ എ. അഭിനവ് കൃഷ്ണ പറവൂർ വി.എസ്. അച്യുതാനന്ദൻ സ്മാരക ഗവ. എച്ച്.എസ്.എസ്.ൽ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. 

ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി നടത്തുന്ന പരിപാടിയുടെ ഭാഗമായി ജൂൺ 19 മുതൽ ജൂലൈ രണ്ട് വരെയുള്ള കാലയളവിലെ ഒമ്പത് അധ്യയന ദിവസങ്ങളിൽ ലളിതമായ ആരോഗ്യപാഠങ്ങൾ ജില്ലയിലെ എല്ലാ സ്കൂളുകളിലും ക്ലാസുകളിൽ വിദ്യാർഥികൾ വായിക്കും. ശുചിത്വം, എലിപ്പനി, വയറിളക്കരോഗങ്ങൾ, ഡെങ്കിപ്പനി, പേവിഷബാധ, ആഹാരവും ആരോഗ്യവും, ലഹരിവസ്തുക്കളുടെ ഉപയോഗം, മുണ്ടിനീര്‌, നിപ എന്നീ വിഷയങ്ങളിൽ കുട്ടികൾക്ക് സ്വയം വായിച്ചു മനസ്സിലാക്കാവുന്ന പാഠങ്ങൾ ആരോഗ്യ വകുപ്പിലെ എജ്യൂക്കേഷൻ മീഡിയ വിഭാഗമാണ്‌ തയ്യാറാക്കുന്നത്. ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർമാരായ ഡോ. ഐ ചിത്ര, ഡോ. ആർ സേതുനാഥ് എന്നിവരാണ്‌ പരിപാടിക്ക് നേതൃത്വം നൽകുന്നത്.

date