ലഹരി വ്യാപനത്തിനുള്ള സാഹചര്യം ഇല്ലാതാക്കും - മന്ത്രി ബിന്ദു കൃഷ്ണ
കാടുപിടിച്ച പ്രദേശങ്ങളുടെ മറവില്‍ ലഹരി വ്യാപനം നടത്തുന്നതിനുള്ള സാഹചര്യം പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന് വനിതാശിശു-വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ജില്ലയിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഇതര സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വാടി കടപ്പുറത്തെ കാടുപിടിച്ചസ്ഥലങ്ങള്‍ വൃത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. പ്രദേശത്തെ മാലിന്യനിര്‍മാര്‍ജനത്തിന് ശാശ്വത പരിഹാരം കണ്ടെത്തണം.
ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍നിന്ന് ഏറ്റെടുത്ത 4 ഏക്കര്‍, ജല അതോറിറ്റിയുടെ ഒരു ഏക്കര്‍, കൊടിമരം ജംഗ്ഷനിലെ പോര്‍ട്ട് അതോറിറ്റിയുടെ സ്ഥലം എന്നീയിടങ്ങള്‍ അടിയന്തരമായി വൃത്തിയാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.
കോര്‍പ്പറേഷന്‍, എക്‌സൈസ്, പോലീസ്, പോര്‍ട്ട്-വാട്ടര്‍ അതോറിറ്റി എന്നീ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തിയതിനു ശേഷം വൃത്തിയാക്കുമെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു. ശുചിത്വ മിഷന്റേയും കോര്‍പറേഷന്റേയും സഹകരണത്തോടെയാകും ശുചീകരണം.
ജില്ലയിലെ ജൈവമാലിന്യ ശേഖരണത്തിന് കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കും . പ്രാദേശിക മാലിന്യ സംസ്‌കരണത്തതിനായി തുമ്പൂര്‍മുഴിയില്‍ ഒരുക്കിയ യൂണിറ്റുകള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കും. ബയോഗ്യാസ് പ്ലാന്റുകളും വിപുലീകരിക്കും. കുരീപുഴയില്‍ ബി പി സി എല്‍ മുഖേന നിര്‍മിക്കുന്ന കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന്റെ നിര്‍മാണം ത്വരിതപ്പെടുത്താന്‍ പ്രത്യേക യോഗം ചേരും. നിര്‍മാണം തുടരുന്ന സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പൂര്‍ത്തീകരണവും വേഗത്തിലാക്കും. കോര്‍പറേഷന്‍ പരിധിയില്‍ ഹരിതകര്‍മ്മസേന മുഖേന നടത്തുന്ന മാലിന്യശേഖരണം വിപുലപെടുത്തും. മുളങ്കാടകം, കിളികൊല്ലൂര്‍ എന്നിവിടങ്ങളില്‍ എം സി എഫ് നിര്‍മിക്കുന്നത് പരിഗണനയിലാണ്. മാലിന്യം പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നത് തടയാന്‍ സി സി ടി വി സംവിധാനങ്ങള്‍ സ്ഥാപിക്കും. ഹരിതകര്‍മ്മ സേനയ്ക്ക് വാഹനങ്ങളും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കും. തങ്കശേരിയില്‍ നിര്‍മിക്കുന്ന സാനിറ്ററി പാഡ് സംസ്‌കരണ പ്ലാന്റും പിറവന്തൂരിലെ പ്രാദേശിക പ്ലാന്റും നിര്‍മാണവും വേഗത്തിലാക്കും. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കായി ഇടക്കാല സംഭരണ കേന്ദ്രങ്ങള്‍ കോര്‍പറേഷന്റെ സഹകരണത്തോടെ സ്ഥാപിക്കും. കോര്‍പറേഷന്റെ അറവുശാല പ്ലാന്റിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ നവീകരിക്കും - മന്ത്രി വ്യക്തമാക്കി. മേയര്‍ എ കെ ഹഫീസ്, എ ഡി എം എസ് സജീദ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments