Skip to main content

തൃശ്ശൂര്‍ ജില്ലയിലെ പോഷകാഹാര വിതരണം: ഒല്ലൂക്കരയില്‍ ഭക്ഷ്യ കമ്മീഷന്‍ അംഗത്തിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

തൃശ്ശൂര്‍ ജില്ലയിലെ പോഷകാഹാര വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം വി. രമേശന്റെ നേതൃത്വത്തില്‍ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ക്കായി പ്രത്യേക ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.  

സമൂഹത്തിലെ ദുര്‍ബലരായ ജനവിഭാഗങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പാക്കുന്നതില്‍ അങ്കണവാടികള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് കമ്മീഷന്‍ വിലയിരുത്തി. അങ്കണവാടികളുടെ കൃത്യമായ നടത്തിപ്പ് നിരന്തര പരിശോധനകളിലൂടെ ഉറപ്പാക്കാന്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കുട്ടികള്‍ക്ക് നല്‍കുന്ന അമൃതം ന്യൂട്രി മിക്‌സിന്റെ പ്രൊഡക്ഷന്‍ യൂണിറ്റുകളില്‍ പരിശോധനകള്‍ ശക്തമാക്കണമെന്നും അതില്‍ ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരവും അനുപാതവും കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം സി.ഡി.പി.ഒമാരോട് ആവശ്യപ്പെട്ടു.  

സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ചുമതലകളെക്കുറിച്ചും 2013-ലെ ദേശീയ ഭക്ഷ്യ ഭദ്രത നിയമം കാര്യക്ഷമമായി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും യോഗത്തില്‍ വിശദീകരിച്ചു.

യോഗത്തില്‍ ഐ.സി.ഡി.എസ് ജില്ലാ പ്രോജക്ട് ഓഫീസര്‍ ദിവ്യ, സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.ആര്‍. ലിനി, വിവിധ സി.ഡി.പി.ഓമാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date