Skip to main content

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായുള്ള സെന്‍ട്രല്‍ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു

ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് 2026-27 വര്‍ഷത്തെ സെന്‍ട്രല്‍ പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതി കോംപോണന്റ് -1 ലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 15 വരെ അപേക്ഷ സമര്‍പ്പിക്കാം. വാര്‍ഷിക കുടുംബ വരുമാനം 2.50 ലക്ഷം രൂപയില്‍ കവിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് ശതമാനം അധിക തുക ലഭിക്കും. ഭിന്നശേഷിയുള്ളവരും ഹോസ്റ്റലുകളില്‍ താമസിക്കുന്നവരുമായ വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട സാക്ഷ്യപത്രം നിലവില്‍ പഠിക്കുന്ന സ്ഥാപനത്തില്‍ സമര്‍പ്പിക്കണം. കൂടാതെ, സ്‌കോളര്‍ഷിപ്പ് തുക ലഭിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍ സീഡ് ചെയ്ത ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണ്.  

ഇ-ഗ്രാന്‍ഡ്‌സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇ-ഗ്രാന്‍ഡ്‌സ് മുഖേന സ്‌കോളര്‍ഷിപ്പ് കൈപ്പറ്റുന്ന സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍-എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. എന്നാല്‍, പഠിക്കുന്ന സ്ഥാപനത്തിന് വാലിഡ് ആയ യു.ഡി.ഐ.എസ്.ഇ കോഡ് ഉണ്ടായിരിക്കണം. നിലവില്‍ (2026-27 വര്‍ഷം) ഒമ്പതാം ക്ലാസില്‍ പഠിക്കുന്നവര്‍ മാത്രം പദ്ധതിയിലേക്ക് പുതുതായി അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും. കഴിഞ്ഞ 2025-26 വര്‍ഷം ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ അപേക്ഷിക്കാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഇപ്പോള്‍ പത്താം ക്ലാസിലേക്ക് പുതുതായി അപേക്ഷിക്കാം.  

കോംപോണന്റ്-I അല്ലെങ്കില്‍ കോംപോണന്റ്-II എന്നിവയില്‍ ഏതെങ്കിലും ഒരു സ്‌കോളര്‍ഷിപ്പിന് മാത്രമേ അപേക്ഷിക്കുന്നതിന് ഒരു വിദ്യാര്‍ത്ഥിക്ക് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ. അതേസമയം, ക്ഷേമാധിഷ്ഠിത സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് മെറിറ്റ് സ്‌കോളര്‍ഷിപ്പിനും കൂടി അര്‍ഹതയുണ്ട്. വിശദാംശങ്ങള്‍ക്ക് അതത് ബ്ലോക്ക്, മുനിസിപ്പാലിറ്റി അല്ലെങ്കില്‍ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2360381.  

date